അച്ഛന്റെ ഉപദ്രവമേറ്റ് ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞിന്റെ നില ഗുരുതരം; ഡോക്ടർമാർക്കും ആശങ്ക; ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

കൊച്ചി: തന്റെ കുഞ്ഞല്ലെന്ന് സംശയിച്ച് അച്ഛൻ ഉപദ്രവിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ 54 ദിവസം മാത്രം പ്രായമായ അങ്കമാലിയിലെ കുഞ്ഞിന്റെ ചികിത്സാച്ചെലവ് ശിശുക്ഷേമസമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. എന്ത് സംഭവിക്കും എന്ന് പറയാനാകില്ലെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സോജൻ അറിയിച്ചു.

കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ പൂർണ്ണമായും അബോധാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ടതാണെന്ന് പിന്നീട് പറഞ്ഞു.

അതേസമം, കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. തലച്ചോറിന് ചതവ് പറ്റിയിട്ടുണ്ട്. തലയിൽ രക്തസ്രാവം ഉണ്ട്. രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്നും ഡോക്ടർ പറഞ്ഞു.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. പെൺകുഞ്ഞ് ആയതുകൊണ്ടാണ് അച്ഛൻ കൊലപാതകത്തിന് ശ്രമിച്ചത്. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.

Exit mobile version