തിരുവനന്തപുരത്ത് സുരക്ഷ കര്‍ശനമാക്കും: സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം

തിരുവനന്തപുരം: നഗരത്തില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര സ്ഥിതിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. 12ന് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ശേഷവും രോഗബാധയുണ്ടെന്നറിയാതെ നിരവധി പേരുമായി ഇടപഴകി. ടെലി ഫിലിമുകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റും കൂടിയാണ്.

അതേസമയം, നഗരത്തില്‍ സാമൂഹികഅകലം പാലിക്കുന്നതില്‍ പോലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോളിങ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതായും കാണുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക് – കാലടി റോഡ്, ഐരാണി മുട്ടം എന്നിവിടങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷത്തിലുള്ളതും തിരുവനന്തപുരം ജില്ലയിലാണ്.

Exit mobile version