സച്ചിയ്ക്ക് വിട: ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ യാത്രാമൊഴി

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രഞ്ജിത്ത്, അജി ജോണ്‍ അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കൊച്ചി തമ്മനത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച പ്രിയ കലാകാരന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറ് കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒന്‍പതേ കാലോടെയാണ് സച്ചിയുടെ മൃതദേഹം തൃശ്ശൂരില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളില്‍ പത്തരവരെ പൊതുദര്‍ശനത്തിന് വച്ചു.

എറണാകുളം ലോ കോളജിലെ നിയമ പഠനത്തിന് ശേഷം സിനിമയില്‍ എത്തുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച സച്ചിക്ക് നിരവധി അഭിഭാഷക സുഹൃത്തുക്കളും ഹൈക്കോടതിയിലെ ജഡ്ജിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുകേഷ്, ലാല്‍, സുരേഷ് കൃഷ്ണ തുടങ്ങിയ നടന്മാരടക്കം സിനിമ രംഗത്ത് നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മന്ത്രി വിഎസ് സുനില്‍ കുമാര്‍ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു.

വ്യാഴാഴ്ചയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സച്ചി വിടവാങ്ങിയത്. എഴുത്തുകാരന്‍, കവി, നാടക കലാകാരന്‍, ചലച്ചിത്ര തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു സച്ചി. എഴുത്തുകാരന്‍ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ് (2007), റോബിന്‍ഹുഡ് (2009), മേക്കപ്പ് മാന്‍ (2011), സീനിയേഴ്സ് (2012) എന്നിവയ്ക്ക് കാരണമായി. തിരക്കഥാ രചനയുടെ ആകര്‍ഷകവും രസകരവുമായ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്.

മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ച് പൃഥ്വിരാജ് സുകുമാരന്‍ അഭിനയിച്ച അനാര്‍ക്കലിയാണ് സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രം. അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.

തൃശൂരിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം. എറണാകുളം ലോ കോളേജിലെ എല്‍എല്‍ബി പഠനസമയത്ത് സജീവമായിരുന്നു ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളാണ് സച്ചിയിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തിയത്. രാഷ്ട്രീയ സിനിമകളാണ് തന്റെ സ്വപ്നമെന്ന് വിളിച്ച് പറഞ്ഞ ചെറുപ്പക്കാരന്‍. ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശി എന്നി ചിത്രങ്ങളിലൂടെ പരമ്പരാഗത നായകന്‍ വില്ലന്‍ സങ്കല്പങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചു. മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

Exit mobile version