നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടി, ഒത്തിരി നേരത്തെയാണ് ഈ യാത്ര; സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട്

തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ ഞെട്ടലോടെ മലയാള സിനിമ ലോകം. നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സച്ചിയുടെ വിയോഗം സഹപ്രവര്‍ത്തകരെ വേദനയിലാഴ്ത്തുന്നു. സച്ചിയുടെ അപ്രതീക്ഷിത വേര്‍പാട് തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചു പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.

നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് സുരാജ് പറഞ്ഞു. ഒരുപാട് കാതലും കഴമ്പുമുള്ള കഥകള്‍ മനസ്സിലുള്ള ഒരു എഴുത്തുകാരനാണ് സച്ചിയെന്നും ഒത്തിരി നേരത്തെയാണ് ഈ യാത്രയെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

പ്രതിഭയാര്‍ന്ന ഒരുപാട് സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള സംവിധായകന്‍. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചിയേട്ടന്‍ എന്ന് സുരാജ് വേദനയോടെ പറയുന്നു.

നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന, വിജയങ്ങളുടെ മാത്രം തോഴന്‍. പകരം വെക്കാനില്ലാത്ത ആ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചിയേട്ടന്‍ ഇനിയും ജീവിക്കുമെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകള്‍

നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച ഒരു നഷ്ടം കൂടി.. ഒത്തിരി നേരത്തെയാണ് ഈ യാത്ര. ഒരുപാട് കാതലും കഴമ്പുമുള്ള കഥകള്‍ മനസ്സിലുള്ള ഒരു എഴുത്തുകാരന്‍. പ്രതിഭയാര്‍ന്ന ഒരുപാട് സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് നല്‍കാനുള്ള സംവിധായകന്‍. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചിയേട്ടന്‍. നഷ്ടമായത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന, വിജയങ്ങളുടെ മാത്രം തോഴന്‍. പകരം വെക്കാനില്ലാത്ത ആ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചിയേട്ടന്‍ ഇനിയും ജീവിക്കും. ആദരാജ്ഞലികള്‍ സച്ചിയേട്ടാ..

Exit mobile version