‘അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭ’; സച്ചിയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് മമ്മൂട്ടി

തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടി എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതം മൂലമായിരുന്നു മരണം.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കവേയാണ് അന്ത്യം.

2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ്’ അവസാന ചിത്രം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെയാണ് തിരക്കഥാകൃത്തായി അരങ്ങേറ്റം നടത്തിയത്.

സുഹൃത്തായ സേതുവുമൊത്ത് 2007ല്‍ എഴുതിയ ‘ചോക്ലേറ്റ്’ സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാളായത് . ഇരുവരുടേതുമായി റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ല്‍ ഡബിള്‍സിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ 2012ലെ വമ്പന്‍ ഹിറ്റായിരുന്നു. വന്‍ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഒരുമിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും സച്ചിയുടെ രചനയാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു.

Exit mobile version