12 വയസുകാരിയുടെ ആത്മഹത്യ: അമ്മ അറസ്റ്റില്‍, മകളെ ഉപദ്രവിച്ചിരുന്നതായി അശ്വതി

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അശ്വതി അറസ്റ്റില്‍. കുട്ടിയെ അമ്മ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് കാരണം അമ്മയുടെ പീഡനമാണെന്ന് അച്ഛനും ചില നാട്ടുകാരും ആരോപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് അമ്മ കുട്ടിയെ നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും മാനസീകമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ അമ്മ കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നതായി സമ്മതിച്ചത്. കുട്ടി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രിയിലും കുട്ടിയെ അമ്മ വലിയ രീതിയില്‍ ഉപദ്രവിച്ചിരുന്നതായും അമ്മ അശ്വതി പോലീസിനോട് സമ്മതിച്ചു.

അശ്വതിയുടെ ആദ്യ വിവാഹ ബന്ധത്തിലെ കുട്ടിയാണ് മരിച്ച ഹര്‍ഷ. നിലവില്‍ ബന്ധം വേര്‍പെടുത്തി മറ്റൊരാള്‍ക്കൊപ്പമാണ് അശ്വതി താമസിക്കുന്നത്. എന്നാല്‍, ഹര്‍ഷയെ പിതാവിന്റെ അടുത്ത് കൊണ്ടാക്കും എന്ന തരത്തിലുള്ള ഭീഷണികള്‍ അമ്മ കുട്ടിയ്ക്കു നേരെ ഉന്നയിച്ചിരുന്നു. അശ്വതിയെ ഇന്ന് രാത്രി തന്നെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അതിനു ശേഷം റിമാന്‍ഡില്‍ വാങ്ങും.

Exit mobile version