നിപ വന്നപ്പോള്‍ നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണിയാവാന്‍ ശ്രമിക്കുന്നു; ആരോഗ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി പരിശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യമന്ത്രി പേരെടുക്കാനാണ് ശ്രമിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

നിപ പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആത്മാര്‍ത്ഥമായ സേവനം നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്നും അല്ലാതെ ആരോഗ്യമന്ത്രിക്ക് അല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഇന്നു കാണുന്ന വികസനത്തിനും ഐശ്വര്യത്തിനും പിന്നില്‍ വിദേശനാടുകളില്‍ കഴിയുന്ന മലയാളി സഹോദരങ്ങളുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ആകെത്തുകയുണ്ട്.

ആ പ്രവാസികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും എത്രയും വേഗം നാട്ടിലെത്താന്‍ അവരെ സഹായിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടതായി മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version