നമ്പി നാരായണനെ താന്‍ വേട്ടയാടിയെങ്കില്‍ ഒന്നാംപ്രതി നായനാര്‍; സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നെന്ന് ടിപി സെന്‍കുമാര്‍

സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ച് വീണ്ടും നിയമ നടപടിക്കൊരുങ്ങി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.

കൊച്ചി: സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ച് വീണ്ടും നിയമ നടപടിക്കൊരുങ്ങി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡിജിപി സെന്‍കുമാര്‍ വേട്ടയാടിയെന്ന് കാണിച്ച് സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയതിനെതിരെയാണ് ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് നമ്പി നാരായണന്‍ കേസുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ നായനാര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുത്തതെന്നും എന്നാല്‍ കേസ് അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫയല്‍ തിരിച്ച് നല്‍കിയെന്നും സെന്‍കുമാര്‍ പറയുന്നു.

താന്‍ കുറ്റക്കാരനാണെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാര്‍ ഒന്നാം പ്രതിയാവുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്നും സെന്‍കുമാര്‍ പറയുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങിയെന്നും സിബിഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

Exit mobile version