പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ല, എന്തിനാണ് ഗള്‍ഫുകാരോട് മാത്രം വിവേചനം കാണിക്കുന്നത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് തുണയായി എത്തിയത് സന്നദ്ധ സംഘടനകളാണെന്നും അവരാണ് യഥാര്‍ത്ഥത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാനായി മുന്നോട്ട് വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും രോഗമുള്ളവരെയും ഇല്ലാത്തരെയും ഒരുമിച്ച് കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രി അയച്ച കത്തില്‍ ഗള്‍ഫില്‍ നിന്ന് വരുന്ന ആളുകളെ കുറിച്ച മാത്രമേ പറയുന്നുള്ളൂ’വെന്ന് രമേശ് ചെന്നിത്തല പറയുന്നു.

”എന്നാല്‍ ഗള്‍ഫിലല്ലാത്തയാളുകളെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ല. ഗള്‍ഫുകാരോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുമ്പോള്‍ അവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. തീവണ്ടികളില്‍ വരുന്നവരില്‍ 60 ശതമാനവും റെഡ്‌സോണില്‍ നിന്നാണ് വരുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസിലും തീവണ്ടികളിലും ഗള്‍ഫല്ലാത്ത മറ്റ് മേഖലകളില്‍ നിന്നും വരുന്നവര്‍ക്ക് നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള അവസരം ഉണ്ട്. അങ്ങനെയിരിക്കെ ഗള്‍ഫിലെ ആളുകള്‍ക്ക് മാത്രം വിവേചനം എന്തിനാണെന്ന് മനസ്സിലാവുന്നില്ല’, എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം മുതലേ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. നാമമാത്രമായ വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Exit mobile version