കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായിരിക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Exit mobile version