കനത്ത മഴ; ബൈപ്പാസ് സര്‍വീസ് റോഡ് തകര്‍ന്ന് വീണു, ഗതാഗതം തടസപ്പെട്ടു, അടിഞ്ഞു കൂടിയ ചെളി മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു, വലഞ്ഞ് യാത്രക്കാരും

തിരുവനന്തപുരം: ബൈപ്പാസ് സര്‍വീസ് റോഡ് തകര്‍ന്ന് വീണു. കനത്ത മഴയെ തുടര്‍ന്നാണ് സര്‍വീസ് റോഡ് ഇടിഞ്ഞു വീണത്. കഴക്കൂട്ടം – കാരോട് ബൈപാസിന്റെ വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴിഭാഗത്താണ് റോഡ് തകര്‍ന്നത്. ഇതോടെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വെങ്ങാനൂര്‍ ഏലയുടെ ഭാഗമായിരുന്ന താഴ്ന്ന ചതുപ്പ് നിലം മണ്ണിട്ട് നികത്തിയാണ് സര്‍വീസ് റോഡ് നിര്‍മ്മിച്ചിരുന്നത്. റോഡ് ഇടിഞ്ഞു താഴ്ന്ന് അടിഞ്ഞ് കൂടിയ ചെളി മാറ്റി റോഡ് പൂര്‍വ്വസ്ഥിതിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ബൈപാസില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഏലായിലേക്ക് ഒഴുക്കി വിടാനായി രണ്ട് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും അടിഞ്ഞതാണ് റോഡ് തകരാന്‍ ഇടയാക്കിയത്. വെള്ളം ഒഴുകി പോകാനുള്ള പൈപ്പ് ചെളി നിറഞ്ഞ് അടഞ്ഞതോടെ സര്‍വീസ് റോഡില്‍ വെള്ളം പതിനഞ്ചടിയോളം ഉയര്‍ന്നു. തുടര്‍ന്ന് ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. ഇതിനിടെയാണ് ഇരുപതടിയോളം നീളത്തില്‍ റോഡിന്റെ വശങ്ങള്‍ തകര്‍ന്നു ഇടിഞ്ഞ് താഴ്ന്നത്.

രണ്ട് കൂറ്റന്‍ ജനറേറ്റര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞും ജെസിബികള്‍ ഉപയോഗിച്ച് ചെളി മാറ്റിയും നിരവധി തൊഴിലാളികളെ ഉപയോഗിച്ച് തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Exit mobile version