ലവലേശം വിശ്വസിക്കാന്‍ കൊള്ളാത്ത വലതുപക്ഷ നേതാക്കള്‍ പറയുന്നത് കേട്ട്, ദയവുചെയ്ത് പ്രവാസി സഹോദരങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മുതിരരുത്, അത് ആത്മഹത്യാപരമാകും; മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: വന്ദേഭാരത് മിഷന്‍ ആരംഭിച്ച ഘട്ടത്തില്‍ രോഗ ലക്ഷണങ്ങളുള്ളവരെയും ഇല്ലാത്തവരെയും വേര്‍ത്തിരിക്കാന്‍ രോഗനിര്‍ണ്ണയ പരിശോധന വേണമെന്ന നിര്‍ദേശം കേരളം മുന്നോട്ട് വെച്ചത് രോഗമുള്ളവരും രോഗമില്ലാത്തവരും ഒരേ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ രോഗമില്ലാത്തവര്‍ക്ക് കൂടി രോഗം പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നുവെന്ന് മന്ത്രി കെടി ജലീല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് മുഖവിലക്കെടുത്തില്ലെന്നും മന്ത്രി പറയുന്നു.

വിമാനം പറന്നുയരുന്ന സമയത്ത് വൈറസ് ബാധിതര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ എങ്കില്‍, യാത്ര അവസാനിക്കുമ്പോഴേക്ക് വൈറസ് പടര്‍ന്ന് നിരവധിപേര്‍ രോഗികളാകുന്ന സ്ഥിതി ഒഴിവാക്കലായിരുന്നു പ്രസ്തുത നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെന്നും കെടി ജലീല്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളുടെ ആരോഗ്യ സുരക്ഷ മര്‍മ്മ പ്രധാനമാണ്. ഇതിനകം ഏതാണ്ട് 74000 പ്രവാസികളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതിനായിരവും.

വരുന്ന മുപ്പത് ദിവസത്തിനിടയില്‍ വിവിധ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളിലായി ഒരു ലക്ഷത്തിലധികവും, വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ ഏതാണ്ട് മുപ്പതിനായിരം പേരും കേരളത്തിലെത്താന്‍ പോവുകയാണ്. ഒരാളെ ചികില്‍സിക്കേണ്ടിടത്ത് സൂക്ഷ്മതയുടെയും ജാഗ്രതയുടെയും അഭാവത്തില്‍ രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്നുള്ള യാത്രക്കിടയില്‍ രോഗ വ്യാപനമുണ്ടായി അനേകംപേരെ ചികില്‍സിക്കേണ്ടി വരുന്ന സ്ഥിതി ഒരു പരിധി വിട്ടാല്‍ എവിടെയെത്തുമെന്ന് ആര്‍ക്കും പറയാനാവില്ലെന്നും അതുകൊണ്ടാണ് ഒരു വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ രോഗമുക്തരാണെന്ന് ഉറപ്പുവരുത്തണമെന്ന അഭിപ്രായം പ്രധാനമന്ത്രിയുടെ മുന്നില്‍ മുഖ്യമന്ത്രി വെച്ചിരിക്കുന്നതെന്നും മന്ത്രി കെടി ജലീല്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ നാട്ടിലെത്തിയ ഒരു പ്രവാസിയില്‍ നിന്നും ചികില്‍സക്കോ കോവിഡ് ടെസ്റ്റിനോ കോറണ്ടൈനില്‍ താമസിച്ചതിനോ ഒരു നയാപൈസ പോലും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയിട്ടില്ല. എന്നിരിക്കെ പിണറായി ഗവണ്‍മെന്റിനെ ഭല്‍സിക്കാന്‍ പ്രവാസികളുടെ ചെലവില്‍ ചില സങ്കുചിത മനസ്‌കരായ ലീഗ് – കോണ്‍ഗ്രസ്സ് – ബി.ജെ.പി അനുകൂല പ്രവാസി സംഘടനാ നേതാക്കള്‍ നടത്തുന്ന കുപ്രചരണം നന്ദികേടിന്റെ പര്യായമായേ കാലം അടയാളപ്പെടുത്തൂവെന്നും മന്ത്രി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇതുവരെയും നടപ്പിലാക്കാത്ത ഒരു നിര്‍ദ്ദേശത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. വന്ദേഭാരത് മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ രോഗ ലക്ഷണങ്ങളുള്ളവരെയും ഇല്ലാത്തവരെയും വേര്‍ത്തിരിക്കാന്‍ രോഗനിര്‍ണ്ണയ പരിശോധന വേണമെന്ന നിര്‍ദ്ദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് മുഖവിലക്കെടുത്തില്ല. രോഗമുള്ളവരും രോഗമില്ലാത്തവരും ഒരേ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ രോഗമില്ലാത്തവര്‍ക്ക് കൂടി രോഗം പടരാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടായിരുന്നു അത്തരമൊരു നിര്‍ദ്ദേശം കേരളം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. വിമാനം പറന്നുയരുന്ന സമയത്ത് വൈറസ് ബാധിതര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ എങ്കില്‍, യാത്ര അവസാനിക്കുമ്പോഴേക്ക് വൈറസ് പടര്‍ന്ന് നിരവധിപേര്‍ രോഗികളാകുന്ന സ്ഥിതി ഒഴിവാക്കലായിരുന്നു പ്രസ്തുത നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം.

ഗര്‍ഭിണികളും കോവിഡേതര രോഗമുള്ളവരും പ്രായമായവരും കൂടുതലുള്ള വിമാനങ്ങളില്‍ സഹയാത്രികരില്‍ നിന്ന് രോഗ വ്യാപനമുണ്ടായാല്‍ സംഭവിച്ചേക്കാവുന്ന സാമൂഹ്യ പ്രത്യാഘാതം പ്രത്യേകം പറയേണ്ടതില്ലല്ലോ? സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളുടെ ആരോഗ്യ സുരക്ഷ മര്‍മ്മ പ്രധാനമാണ്. ഇതിനകം ഏതാണ്ട് 74000 പ്രവാസികളാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാകട്ടെ ഒരു ലക്ഷത്തി നാല്‍പ്പതിനായിരവും. വരുന്ന മുപ്പത് ദിവസത്തിനിടയില്‍ വിവിധ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളിലായി ഒരു ലക്ഷത്തിലധികവും, വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ ഏതാണ്ട് മുപ്പതിനായിരം പേരും കേരളത്തിലെത്താന്‍ പോവുകയാണ്. മററു സംസ്ഥാനങ്ങളില്‍ നിന്ന് ഇനിയുമെത്തുമെന്ന് കരുതുന്ന ലക്ഷങ്ങള്‍ വേറെയും. ഒരാളെ ചികില്‍സിക്കേണ്ടിടത്ത് സൂക്ഷ്മതയുടെയും ജാഗ്രതയുടെയും അഭാവത്തില്‍ രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്നുള്ള യാത്രക്കിടയില്‍ രോഗ വ്യാപനമുണ്ടായി അനേകംപേരെ ചികില്‍സിക്കേണ്ടി വരുന്ന സ്ഥിതി ഒരു പരിധി വിട്ടാല്‍ എവിടെയെത്തുമെന്ന് ആര്‍ക്കും പറയാനാവില്ല. അതുകൊണ്ടാണ് ഒരു വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ രോഗമുക്തരാണെന്ന് ഉറപ്പുവരുത്തണമെന്ന അഭിപ്രായം പ്രധാനമന്ത്രിയുടെ മുന്നില്‍ മുഖ്യമന്ത്രി വെച്ചിരിക്കുന്നത്. കോവിഡ് പരിശോധനക്ക് സൗകര്യമില്ലാത്തിടങ്ങളില്‍ എംബസ്സികള്‍ മുന്‍കയ്യെടുത്ത് പ്രസ്തുത സൗകര്യം ഒരുക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി പ്രത്യേക ഫ്‌ലൈറ്റുകള്‍ ഏര്‍പ്പാടാക്കണമെന്നും കേരളം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇക്കാര്യങ്ങളിലെയെല്ലാം അഭിപ്രായവും കൂടി അറിഞ്ഞതിന് ശേഷം മാത്രമേ അന്തിമ തീരുമാനം സംസ്ഥാനം കൈകൊള്ളൂ.

ഇതിനര്‍ത്ഥം രോഗ ബാധിതര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കില്ല എന്നല്ല. രോഗലക്ഷണമുള്ളവര്‍ക്കു മാത്രമായി പ്രത്യേക ഫ്‌ലൈറ്റുകള്‍ ചാര്‍ട്ട് ചെയ്ത് അവരെയും നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന ഏജന്‍സികള്‍ക്ക് ഔദ്യോഗികമായിത്തന്നെനിര്‍ദ്ദേശം നല്‍കാനും ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ട്. 300 ഫ്‌ലൈറ്റുകള്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്യുന്ന സ്‌പൈസ് ജെറ്റ് സംസ്ഥാന സര്‍ക്കാരിന് അനുമതിക്കായുള്ള അപേക്ഷ നല്‍കിയപ്പോള്‍ സ്വമേധയാ മുന്നോട്ട് വെച്ച ഉപാധികളിലൊന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നാട്ടിലെത്തിക്കൂ എന്നുള്ളത്. അതേ തുടര്‍ന്നാന്ന് വൈറസ് ബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി കൊണ്ടുവന്ന് രോഗികളല്ലാത്തവരെ കൂടി രോഗികളാക്കി മാറ്റുന്ന സ്ഥിതി ഒഴിവാക്കാന്‍ വിമാനം ചാര്‍ട്ടു ചെയ്യുന്ന മറ്റു ഏജന്‍സികള്‍ക്കും കഴിയുമോ എന്ന് അധികൃതര്‍ അന്വേഷിച്ചത്. എന്നാല്‍ ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തല്‍ പ്രയാസകരമാണെന്ന അഭിപ്രായം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രശ്‌നത്തിന്റെ നാനാവശങ്ങളും പരിശോധിച്ച് മടങ്ങിവരുന്നവര്‍ക്കും നാട്ടിലുള്ളവര്‍ക്കും പ്രയാസരഹിതമായ നടപടികളാകും സര്‍ക്കാര്‍ കൈകൊള്ളുക. കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ടും വൈറസ് ബാധയേറ്റിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ടെസ്റ്റുമായി ബന്ധപ്പെട്ടും പ്രവാസി സംഘടനകളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ മൂന്നെണ്ണമാണ്. 1) ലോകത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ചികില്‍സയും വൈറസ് നിര്‍ണ്ണയ ടെസ്റ്റും ലഭ്യമാകുന്നത്.
2) കോവിഡ് ടെസ്റ്റിന് ഭീമമായ തുകയാണ് കേരളമൊഴികെയുള്ള സ്ഥലങ്ങളില്‍ ഈടാക്കുന്നത്.
3) മഹാമാരിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായ താവളം കേരളമാണ്.

സദുദ്ദേശത്തോടെയും കേരളത്തിലെ നിലവിലെ സാഹചര്യം പരിഗണിച്ചും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍, ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചരണം നടത്താനാണ് UDF – BJP അനുകൂല കേന്ദ്രങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. എന്തും ഏതും പ്രവാസികള്‍ക്കെതിരായ നടപടിയായി ചിത്രീകരിക്കുന്ന വലതുപക്ഷ സംഘടനകളും വ്യക്തികളും, കേരള സര്‍ക്കാര്‍ കരള്‍ പറിച്ചെടുത്ത് കാണിച്ചുകൊടുത്താലും ചെമ്പരുത്തിപ്പൂവ്വാണെന്നേ പറയൂ. അത്തരക്കാര്‍ക്ക് കേരളത്തെ കോവിഡ് ബാധിതര്‍ നിറയുന്ന സംസ്ഥാനമാക്കി മാറ്റണം. കേരളം നേടിയെടുത്ത നേട്ടങ്ങളെ മരണസംഖ്യ നിരത്തി ലോകത്തിനു മുമ്പില്‍ ഇകഴ്ത്തിക്കാണിക്കണം. എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കണം. ഈ ‘പവര്‍മോങ്കേഴ്‌സിനെ’ തിരിച്ചറിയാന്‍ പ്രവാസി സമൂഹത്തിനായില്ലെങ്കില്‍ അതില്‍പരം മഹാപരാധം മറ്റൊന്നുണ്ടാവില്ല.

ഇതുവരെ നാട്ടിലെത്തിയ ഒരു പ്രവാസിയില്‍ നിന്നും ചികില്‍സക്കോ കോവിഡ് ടെസ്റ്റിനോ കോറണ്ടൈനില്‍ താമസിച്ചതിനോ ഒരു നയാപൈസ പോലും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയിട്ടില്ല. എന്നിരിക്കെ പിണറായി ഗവ: നെ ഭല്‍സിക്കാന്‍ പ്രവാസികളുടെ ചെലവില്‍ ചില സങ്കുചിത മനസ്‌കരായ ലീഗ് – കോണ്‍ഗ്രസ്സ് – ബി.ജെ.പി അനുകൂല പ്രവാസി സംഘടനാ നേതാക്കള്‍ നടത്തുന്ന കുപ്രചരണം നന്ദികേടിന്റെ പര്യായമായേ കാലം അടയാളപ്പെടുത്തൂ.

പൗരത്വഭേദഗതി നിയമ പ്രശ്‌നത്തിലാണെങ്കിലും, മുത്വലാഖ് ബില്ലിന്റെ വിഷയത്തിലാണെങ്കിലും, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട ആക്ടിന്റെ കാര്യത്തിലാണെങ്കിലും, ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ ഉപാധികളോടെ തുറക്കുന്ന പ്രശ്‌നത്തിലാണെങ്കിലും, കോവിഡിനെ പ്രതിരോധിച്ച് മലയാളിയുടെ ആത്മാഭിമാനം വാനോളമുയര്‍ത്തിയ കാര്യത്തിലാണെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ കാപട്യമേശാത്ത നിലപാടുകളോട് അടുത്തല്ല, ദൂരെപ്പോലും നില്‍ക്കാന്‍ യോഗ്യമായ അഭിപ്രായം, ഇന്ത്യാരാജ്യത്ത് ഏതെങ്കിലുമൊരു ഭരണാധികാരിയോ രാഷ്ട്രീയനേതാവോ പ്രകടിപ്പിച്ചതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിച്ച് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ലവലേശം വിശ്വസിക്കാന്‍ കൊള്ളാത്ത വലതുപക്ഷ നേതാക്കള്‍ പറയുന്നത് കേട്ട്, ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ദയവുചെയ്ത് പ്രവാസി സഹോദരങ്ങള്‍ മുതിരരുത്. അത് ആത്മഹത്യാപരമാകും.

Exit mobile version