കൊറോണ, മുംബൈയില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം, മരിച്ചത് കോഴഞ്ചേരി സ്വദേശി

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണം 1 ലക്ഷം കടന്നിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.

കോഴഞ്ചേരി സ്വദേശി കരിപ്പത്താനത്ത് ടിജെ ഫിലിപ്പ് ആണ് മരിച്ചത്. 72 വയസ്സായിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫിലിപ്പ്. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ആലീസ്. മകന്‍ ഫിലിപ്പ് ജോണ്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. തുടര്‍ച്ചയായി മൂന്നുദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ മരണം 3717 ആയി. നിലവില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്.

മുംബൈയില്‍ പുതിയ കൊവിഡ് രോഗികളുടെ തോത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ മുംബൈയ്ക്ക് പുറത്ത് മറ്റ് ജീല്ലകളില്‍ രോഗം പടരുന്നത് ആശങ്കയാണ്.

Exit mobile version