തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം; നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്

പേരൂര്‍ക്കട: തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഒരുമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തീപടരുന്നത് കണ്ടത്. ഇലക്ട്രിക് റൂമിനു സമീപത്തെ റബ്ബര്‍ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ നിര്‍മ്മാണത്തിന് ശേഷം ഉപയോഗ ശൂന്യമായ റബ്ബര്‍ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന നാലു റൂമുകള്‍ കത്തി നശിച്ചു.

കമ്പനിയിലെ ഫയര്‍യൂണിറ്റും ചെങ്കല്‍ചൂള ഫയര്‍ഫോഴ്സില്‍ നിന്നുമുള്ള നാല് യൂണിറ്റുമെത്തി ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വലിയ അപകടമാണ് ഒഴിവായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version