തൃശ്ശൂരില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ല; രണ്ട് ദിവസം മാര്‍ക്കറ്റുകള്‍ അടയ്ക്കും; മന്ത്രി എസി മൊയ്തീന്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. തൃശ്ശൂരില്‍ അപകടകരമായ സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി.

വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാര്‍ക്കറ്റുകള്‍ അണുനശീകരണത്തിനായി അടച്ചിടുമെന്നും മന്ത്രി അറിയിച്ചു. രണ്ടുദിവസം കച്ചവടം ഉണ്ടാകില്ലാത്തതിനാല്‍ അവശ്യമുള്ള വസ്തുക്കള്‍ നേരത്തെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയാകെ അടച്ചിടില്ല എന്നാല്‍ കൂടുതല്‍ ജാഗ്രതയുണ്ടാവണമെന്നും മന്ത്രി അറിയിച്ചു. ക്വാറന്റീന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 919 പേരെ ഇന്നു മാത്രം നിരീക്ഷണത്തിലാക്കി. ജില്ലയില്‍ പത്ത് കണ്ടെയ്‌മെന്റ് സോണുകളുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റി ബോഡി ടെസ്റ്റ് നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ഇല്ലായിരുന്നുവെന്നും ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version