അഞ്ജുവിന് മാനസിക പീഡനം നേരിട്ടെന്ന് അന്വേഷണ സംഘം; കോപ്പി പിടിച്ചെന്ന് ആരോപിച്ച് ഏറെ നേരം ഹാളിലിരുത്തി അപമാനിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയതായി എംജി സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം. പരീക്ഷാഹാളിൽ അഞ്ജു പി ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികൾ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘർഷം ഉണ്ടാക്കിയിരിക്കാം. എന്നാൽ, അന്വേഷണം തുടരുന്നെന്നും ഒന്നും വെളിപ്പെടുത്താൻ കഴിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.

കുറ്റം കണ്ടെത്തിയാൽ പരീക്ഷാ ഹാളിൽ ഇരുത്തരുത് എന്നാണ് സർവകലാശാല നിയമം. അതിനാൽ അഞ്ജുവിനെ ഒരുമണിക്കൂർ ക്ലാസിൽ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി പറയുന്നു. പ്രാഥമിക വിലയിരുത്തലിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സർവകലാശാലാ സിൻഡിക്കേറ്റംഗങ്ങൾ ചേർപ്പുങ്കൽ ബിവിഎം കോളേജിൽ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. ഡോ. എംഎസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തിയത്. സർവകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ, ഇൻവിജിലേറ്റർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിദ്യാർത്ഥിനിയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരോട് സർവകലാശാലയിലെത്തി മൊഴി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസമിതി യോഗംചേർന്ന് വെള്ളിയാഴ്ച വൈസ് ചാൻസലർക്ക് ആദ്യറിപ്പോർട്ട് സമർപ്പിക്കും.

കോട്ടയം എസ്പി ജയദേവ്, പാലാ ഡിവൈഎസ്പി കെ ബൈജുകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാർ തുടങ്ങിയവരും കോളേജിലെത്തിയിരുന്നു. പോലീസ് അന്വേഷണസംഘം, ഹാളിലെ രണ്ട് ഇൻവിജിലേറ്റർമാരുടെയും കോളേജ് പ്രിൻസിപ്പാളിന്റെയും മൊഴിയെടുത്തു. ഹാളിലെ നിരീക്ഷണ ക്യാമറയിലുള്ള സംഭവങ്ങളാണ് ഇവർ പോലീസിന് നൽകിയ മൊഴിയിലും. പെൺകുട്ടിയുടെ സമീപത്തിരുന്ന് പരീക്ഷയെഴുതിയ ആറ് വിദ്യാർത്ഥികളുടെയും അഞ്ജു പഠിച്ച സെന്റ് ആന്റണീസ് കോളേജിലെ രണ്ട് അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നെന്നാണ് അധ്യാപകർ പോലീസിനെ അറിയിച്ചത്.

Exit mobile version