ആഡംബര വീട്, അമ്മ കഴിയുന്നത് നിലവറ മുറിയില്‍, അടുക്കളയും മറ്റ് മുറികളും അടച്ചു പൂട്ടി മകന്‍, കുടിക്കാന്‍ വെള്ളമെടുക്കുന്നത് പോലും ശുചിമുറിയില്‍ നിന്ന്, പെറ്റമ്മയോട് കണ്ണില്ലാത്ത ക്രൂരത

കോതമംഗലം: മകന് ആഡംബര തുല്യമായ വീടുണ്ട്. എന്നാല്‍ അമ്മയ്ക്ക് ഒരു മുറിയ്ക്കുള്ളില്‍ മാത്രമല്ലാതെ വീട്ടിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യമില്ല. കോതമംഗലം കോട്ടപ്പടി സ്വദേശി സാറാ മാത്യുവിനാണ് വീടിനുള്ളില്‍ തടവറ ജീവിതം നയിക്കേണ്ടിവരുന്നത്.

വൃദ്ധയായ മാതാവിനെ മകനും കുടുംബവും ചേര്‍ന്നാണ് വീടിന്റെ നിലവറ മുറിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വീട്ടിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യമില്ലാതെ അടുക്കളയിലടക്കം പ്രധാന മുറികളിലെല്ലാം മകനും കുടുംബവും സാറയ്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

താന്‍ പ്രവേശിക്കാതിരിക്കാന്‍ മകന്‍ വീടിന്റെ മുകള്‍നിലയിലേക്കുള്ള ചവിട്ടുപടികള്‍ വരെ അടച്ചു പൂട്ടിയതായി സാറാ മാത്യു കോതമംഗലം തഹസീല്‍ദാര്‍ റേച്ചല്‍ വര്‍ഗീസിന് നല്‍കിയ പരാതിയില്‍ പറയുന്നു . മുറിക്കുള്ളില്‍ താല്‍ക്കാലികമായി ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമുണ്ട്.

എന്നാല്‍ വെള്ളമെടുക്കുന്നതും പാത്രം കഴുകുന്നതും ശുചിമുറിയില്‍ നിന്നാണ്. മൂന്ന് മക്കളാണ് ഈ അമ്മയക്കുള്ളത്. രണ്ട് പെണ്‍മക്കള്‍ വിദേശത്താണ്. ഏകമകനൊപ്പമാണ് അവരുടെ താമസം. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി മകനും കുടുംബവും അമ്മയെ വീട്ടില്‍ തനിച്ചാക്കി എറണാകുളത്താണ് താമസം.

വീട്ടില്‍ തനിച്ചായ വീട്ടമ്മയുടെ പരാതിയില്‍ കോതമംഗലം തഹസീല്‍ദാര്‍ റേച്ചല്‍ വര്‍ഗീസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടിലെത്തി. സാറയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം മകനുമായി ബന്ധപ്പെട്ടെങ്കിലും കാര്യങ്ങള്‍ നിയമപരമായി നീങ്ങട്ടെയെന്നായിരുന്നു മകന്റെ മറുപടി.

Exit mobile version