സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ബേസില്‍ പിടിയില്‍. മുവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംഭവ ശേഷം മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

സഹോദരിയെ പ്രണയിച്ചെന്ന കാരണത്താല്‍ മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശി അഖിലിനെ ബേസിലും സുഹൃത്തും ചേര്‍ന്ന് ഇന്നലെ രാത്രിയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ അഖിലിന്റെ കഴുത്തിലും കയ്യിലും വെട്ടേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. മുഖാവരണം വാങ്ങാനായി എത്തിയപ്പോഴായിരുന്നു കൊലപാതക ശ്രമം.

നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിയായ ബേസിലിനൊപ്പം എത്തിയ സുഹൃത്തിനെ (ബൈക്കോടിച്ചയാള്‍) പോലീസ് ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. കറുകടം സ്വദേശി പതിനേഴുകാരനെ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴയിലെ പിഒ ജംഗ്ഷനില്‍ മുഖാവരണം വാങ്ങാനെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം.

പ്രതിയായ ബേസില്‍ വടിവാള്‍ കൊണ്ട് അഖിലിന്റെ വലത് കൈയ്ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ആക്രമണത്തിനു ശേഷം ബേസില്‍ എല്‍ദോസും രണ്ടാം പ്രതിയായ സുഹൃത്തും ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു.

Exit mobile version