മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്, മലക്കം മറിഞ്ഞ് മനേക ഗാന്ധി, ഇപ്പോള്‍ കുറ്റം മുഴുവന്‍ വനംമന്ത്രിക്ക്

ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മനേക ഗാന്ധി നടത്തിയ പ്രസ്താവന വന്‍ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയത്. സംഭവം നടന്നത് പാലക്കാടായിരിന്നിട്ട് കൂടി മലപ്പുറത്തിനെതിരെ കടുത്ത വര്‍ഗീയ പ്രചരണമായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയത്.

ഇപ്പോഴിതാ നിലപാടില്‍ മലക്കം മറിയുകയാണ് മനേക. കുറ്റം മുഴുവന്‍ സംസ്ഥാന വനംമന്ത്രി കെ രാജുവിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും തലയില്‍ വെച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മനേക ഗാന്ധി. സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ചത് സംസ്ഥാന വനംമന്ത്രി കെ രാജു പറഞ്ഞത് അനുസരിച്ചാണെന്നാണ് മനേക പറയുന്നത്.

മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിനെയാണ് മനേക ഇക്കാര്യം അറിയിച്ചത്. മനേകയുടെ വിവാദ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധ സൂചകമായി കത്തെഴുതിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മനേകയെന്ന് ഒരു പ്രശസ്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വനംമന്ത്രിയും വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞത് അനുസരിച്ചായിരുന്നു തന്റെ പ്രതികരണമെന്നും മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും മനേക പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും മനേക വ്യക്തമാക്കി.

ഇതിനെ ഒരു സാമുദായികവിഷയമായി മാറ്റാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഞാനും ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആളാണെന്നും ഉദ്ദേശിച്ച യഥാര്‍ഥപ്രശ്‌നം ഏവരും മനസ്സിലാക്കണമെന്നും മനേക പറഞ്ഞു. ഏറ്റവും അധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ് മലപ്പുറം, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ കലാപം നടക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് അവിടുത്തെ ജനങ്ങളെ പേടിയാണ് എന്നായിരുന്നു മനേക പറഞ്ഞത്.

ഇതിന് പിന്നാലെ മനേകയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് കേരളമണ്ണില്‍ ഉയര്‍ന്നത്. പ്രമുഖരടക്കം നിരവധി പേര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം കനത്തു. സംഭവത്തില്‍ മനേകയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തിരുന്നു.

Exit mobile version