ആന ചരിഞ്ഞ സംഭവത്തിലെ വിദ്വേഷ പരാമര്‍ശം: മനേക ഗാന്ധിക്ക് എതിരെ കേസ് എടുത്തു

മലപ്പുറം: കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയിന്റെ പേരില്‍ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ആറോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി അറിയിച്ചു.

‘നടന്നത് കൊലപാതകമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. രാജ്യത്തെ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ നടക്കുന്ന ജില്ലയാണ് അത്. ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവര്‍. ഒരു നടപടിയും എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കല്‍ എന്ന കണക്കിന് കേരളത്തില്‍ ആനകള്‍ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ല്‍ താഴെ ആനകള്‍ മാത്രമേ ഉള്ളു’ എന്നായിരുന്നു മനേകയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ വിവിധ ആളുകള്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

അതെസമയം കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. സ്‌ഫോടക വസ്തു നിര്‍മ്മിച്ച് നല്‍കിയ വില്‍സനാണ് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ കരീമും, റിയാസുദ്ദീനും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Exit mobile version