റോഡില്‍ കയറും വടവും കെട്ടി ട്രാഫിക് നിയന്ത്രിക്കരുത്; ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും തന്നെ വേണം; കര്‍ശന നിര്‍ദേശവുമായി ഡിജിപി

കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നത് അപകടം വരുത്തുന്നതായി കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: റോഡിലെ ട്രാഫിക് നിയന്ത്രണത്തില്‍ അഴിച്ചുപണി വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. റോഡില്‍ കയറും വടവും കെട്ടിയുള്ള ട്രാഫിക് നിയന്ത്രണം വേണ്ടെന്നും ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും ഡ്രൈവര്‍ക്ക് ദൂരെ നിന്ന് കാണാന്‍ കഴിയുന്ന തരത്തിലാകണമെന്നും ഡിജിപി അറിയിച്ചു. യാതൊരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന് ബെഹ്‌റ മുന്നറിയിപ്പ് നല്‍കി.

ഗതാഗതം നിയന്ത്രിക്കുന്നതിന് കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നത് അപകടം വരുത്തുന്നതായി കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ബെഹ്‌റ നിര്‍ദേശം നല്‍കിയത്.

ഗതാഗതം വഴിതിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് വളരെ മുമ്പേ അക്കാര്യം നിര്‍ദേശിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണം. സ്ഥലത്ത് ആവശ്യത്തിനു പോലീസുകാരെയും നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിന് സ്ഥാപിക്കുന്ന ബാരിക്കേഡുകളും അതിലെ റിഫ് ളക്ടറുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ ദൂരത്തു നിന്നു തന്നെ കാണാവുന്ന വിധത്തിലായിരിക്കണം. സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

Exit mobile version