ആദിവാസിക്കുട്ടികള്‍ക്ക് പഠനസൗകര്യമില്ലെന്നറിഞ്ഞു, പിന്നെ ഒന്നുംനോക്കിയില്ല സ്വന്തമായി ടിവി നിര്‍മ്മിച്ച് നല്‍കി, ദൈവദൂതനെ പോലെ ഒരു അധ്യാപകന്‍

തൊടുപുഴ: ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതോടെ സാധാരണക്കാരായ പല വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പലര്‍ക്കും വീട്ടില്‍ ടിവിയില്ല, സ്മാര്‍ട്ട് ഫോണുമില്ല. പല സുമനസ്സുകളും ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും ഫോണും സമ്മാനിച്ചുവെങ്കിലും ഇനിയും സഹായം ആവശ്യമുള്ള ഒത്തിരി കുട്ടികളുണ്ട്.

ടെലിവിഷനോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളോ ഇല്ലാതെ ആശങ്കപ്പെട്ട ഇടുക്കി കഞ്ഞിക്കുഴി പാലപ്ലാവ് ആദിവാസി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകനായ അജയ് സ്വന്തമായി ടിവി നിര്‍മ്മിച്ചുനല്‍കിയിരിക്കുകയാണ്. ഡിഷ് ടി.വി. വാങ്ങി ഇന്‍സ്റ്റാള്‍ചെയ്തും കൊടുത്തു.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലെ റാങ്കുജേതാവുകൂടിയായ ചെറുതോണി പുത്തന്‍പുരയില്‍ അജയ് പത്തനംതിട്ട കാഞ്ഞീറ്റുകര എസ്.എന്‍.ഡി.പി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ്. ക്ലാസുകള്‍ തുടങ്ങാത്തതിനാല്‍ അജയ് നാട്ടില്‍ത്തന്നെയായിരുന്നു.

ലോക്ക് ഡൗണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസ്സുകള്‍ എന്നറിയിച്ചതിന് പിന്നാലെ ആദിവാസിക്കുട്ടികള്‍ക്ക് പഠനസൗകര്യമില്ലെന്ന വാര്‍ത്ത അജയ് അറിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല, സ്വന്തമായി ടിവിയുണ്ടാക്കി കുട്ടികള്‍ക്കായി പഠനസൗകര്യം ഒരുക്കിക്കൊടുത്തു.

വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെ പാഠഭാഗങ്ങള്‍ തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ കുട്ടികളും സന്തോഷംകൊണ്ട് മതിമറന്നു. 35 കുട്ടികളാണ് ഇവിടെയുള്ളത്. ആദ്യദിനം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസുകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനും അജയ് ഉണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ടാംവര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതും അജയ് ആണ്.

Exit mobile version