‘സ്വന്തം വീടെത്താന്‍ കിലോമീറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വീണപ്പോള്‍ ഇവരെവിടെയായിരുന്നു, നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ’; മനേകാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി

തൃശ്ശൂര്‍: ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി കൊന്ന സംഭവത്തില്‍ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മനേകാ ഗാന്ധിയെ വിമര്‍ശിച്ചത്. സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വീണപ്പോള്‍ ഇവരെവിടെയായിരുന്നുവെന്നും നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ എന്നുമാണ് അദ്ദേഹം ചോദിച്ചത്.

അതേസമയം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവം മലപ്പുറം ജില്ലയുടെ ത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ് എന്നും അദ്ദേഹം ചോദിച്ചു.

മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ആന കൊല്ലപ്പെടുമെന്നുമാണ് മനേകാ ഗാന്ധി ആരോപിച്ചത്. ഇതിനു മുമ്പും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നും ഇത്തരത്തില്‍ നാനൂറോളം ജീവികളെയാണ് അവര്‍ കൊന്നൊടുക്കിയതെന്നും മനേകാ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും വനംവകുപ്പ് സെക്രട്ടറിയെ മാറ്റണമെന്നും ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണമെന്നും രാഹുല്‍ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നു. നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ?പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ്?

നെഹ്‌റു ആദ്യമായി മലപ്പുറത്ത് വന്നപ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീന്‍ ചാപ്പയില്‍ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്.മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട.സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി.മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യന്‍.ഹരീഷ് പേരടി.

Exit mobile version