‘ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു, ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാവരും നരകത്തില്‍ പോകും’; ഉണ്ണി മുകുന്ദന്‍

തൃശ്ശൂര്‍: മലപ്പുറത്ത് ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്‍കി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നാണ് താരം കുറിച്ചത്. മനുഷ്യന്‍ ഇത്രയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രയും ക്രൂരത കാണിക്കാന്‍ തോന്നിയത്. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നുവെന്നും ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകുമെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. ആനയുടെ വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയിരുന്നു. എന്നാല്‍ അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ പിടിയാന ആരെയും ഉപദ്രവിച്ചിരുന്നില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നില്‍ക്കുകയായിരുന്നു.

ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വെള്ളത്തില്‍ നിന്ന് കയറി വരാന്‍ ആന തയ്യാറായില്ല. ഒടുവില്‍ നിന്ന നില്‍പ്പിലാണ് ആന ചരിഞ്ഞത്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയത്

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഇങ്ങനെ ഒരു വാര്‍ത്ത ഇന്ന് വായിച്ചപ്പോള്‍ തൊട്ട്. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം. മനുഷ്യന്‍ ഇത്രെയും ക്രൂരന്‍ ആണോ? എങ്ങനെ ആ പാവത്തിനോട് നമുക്കു ഇത്രയും ക്രൂരത കാണിക്കാന്‍ തോന്നിയത്. ഒരു മനുഷ്യന്‍ ആയതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രയും മനുഷ്യത്വരഹിത കാണിച്ച എല്ലാ തെണ്ടികളും നരകത്തില്‍ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നതു..

Exit mobile version