ക്വാറന്റൈൻ പാലിക്കാതെ എയർ ഇന്ത്യ വനിതാ പൈലറ്റ് കൊച്ചിയിലാകെ കറങ്ങി നടന്നു; പണി കിട്ടിയത് തേവരയിലെ ജനങ്ങൾക്ക്; കണ്ടെയ്ൻമെന്റ് സോണാക്കി; അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: എയർ ഇന്ത്യയിലെ വനിതാ പൈലറ്റിന്റെ അശ്രദ്ധകാരണം ഒരു നാടാകെ അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയിൽ. ജോലി കഴിഞ്ഞെത്തിയ എയർഇന്ത്യ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ചതോടെയാണ് എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. ദുബായിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റൈൻ നിന്ത്രണം ലംഘിച്ചത്.

ജോലിക്കു ശേഷം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് എയർ ഇന്ത്യ ക്രൂ അംഗങ്ങൾക്കുള്ള നിർദേശം. എന്നാൽ ഒരു ദിവസം മാത്രം ഹോട്ടലിൽ തങ്ങിയ ശേഷം വനിതാ പൈലറ്റ് തേവരയിലെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് സൂപ്പർമാർക്കറ്റുകളിലും എടിഎമ്മിലും തേവര മാർക്കറ്റിലും ഇവർ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും കണ്ടെത്തി.

ഇതിനുപിന്നാലെയാണ് കൊച്ചി കോർപ്പറേഷനിലെ 60ാം ഡിവിഷനായ തേവര കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ക്വാറന്റൈൻ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച അർധരാത്രി മുതലാണ് തേവര കണ്ടെയ്ൻമെന്റ് സോണായി നിലവിൽ വന്നത്. ഇതോടെ ഈ മേഖയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. കടുത്ത നിയന്ത്രണം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version