കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു

rain alert kerala | big news live

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ 12 മുതല്‍ 21 സെമീ വരെ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് ലക്ഷദ്വീപിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം. ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരത്തോട് അടുക്കുന്നതോടെ കാറ്റിന്റെയും മഴയുടെയും ശക്തി വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് മൂന്ന് മണിയോടെ ‘നിസര്‍ഗ’ ചുഴലിക്കാറ്റായി കര തൊടും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

Exit mobile version