അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് മറുപടി, അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ശ്രീ പിണറായി വിജയന്റെ ഉദ്ദേശം മനസ്സിലാവും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉറവിടമറിയാത്ത മുപ്പത് കേസ്സുകള്‍ സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണം പോലുമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സാമൂഹ്യവ്യാപന സാധ്യത കണ്ടെത്താന്‍ കൂടുതല്‍ ടെസ്റ്റുകള്‍ വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഉറവിടമറിയാത്ത കേസുകള്‍ ഒന്നോ രണ്ടോ ഒക്കെ ആണെങ്കില്‍ മുഖ്യമന്ത്രി പറയുന്നത് സമ്മതിക്കാമെന്നും ഇതിപ്പോള്‍ ഇത്തരത്തിലുള്ള കേസ്സുകള്‍ മുപ്പത് കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

അറിയാതെയും കാണാതേയും രോഗവാഹകരായി എത്ര പേരുണ്ടാവുമെന്ന് കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്?. സാമൂഹ്യവ്യാപന സാധ്യത കണ്ടെത്താന്‍ കൂടുതല്‍ ടെസ്റ്റുകള്‍ വേണം. കേരളത്തില്‍ നടക്കുന്ന ടെസ്റ്റുകള്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന വസ്തുതാപരമായ കണക്കുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രി വൈകുന്നേരങ്ങളില്‍ അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടി പറയുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഉറവിടമറിയാത്ത മുപ്പത് കേസ്സുകള്‍ സാമൂഹ്യവ്യാപനത്തിന്റെ ലക്ഷണം പോലുമല്ലെന്ന് എങ്ങനെയാണ് സാര്‍ അങ്ങേക്ക് പറയാന്‍ കഴിയുന്നത്? അത്തരം കേസ്സുകള്‍ ഒന്നോ രണ്ടോ ഒക്കെ ആണെങ്കില്‍ താങ്കള്‍ പറയുന്നത് സമ്മതിക്കാം. ഇതിപ്പോള്‍ ഇത്തരത്തിലുള്ള കേസ്സുകള്‍ മുപ്പത് കഴിഞ്ഞു. ഇനി അറിയാതെയും കാണാതേയും രോഗവാഹകരായി എത്ര പേരുണ്ടാവുമെന്ന് കവടി നിരത്തിയാണോ കണ്ടു പിടിക്കേണ്ടത്? സാമൂഹ്യവ്യാപന സാധ്യത കണ്ടെത്താന്‍ കൂടുതല്‍ ടെസ്റ്റുകള്‍ വേണം. കേരളത്തില്‍ നടക്കുന്ന ടെസ്റ്റുകള്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന വസ്തുതാപരമായ കണക്കുകള്‍ പുറത്തുവന്നിട്ടും താങ്കള്‍ വൈകുന്നേരങ്ങളില്‍ അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മറുപടി പറയുന്നത്. ഈ കഴിഞ്ഞ അന്‍പതിലധികം സായാഹ്നവാര്‍ത്താസമ്മേളനങ്ങളില്‍ ഒരു ദിവസമെങ്കിലും താങ്കള്‍ കേരളത്തില്‍ എത്ര വ്യക്തികള്‍ക്ക് കോവിഡ് പരിശോധന നടത്തിയെന്ന് പറഞ്ഞിട്ടുണ്ടോ? എന്നും സാംപിളുകളുടെ കണക്കാണ് താങ്കള്‍ പറയുന്നത്. ഒരാള്‍ക്ക് രണ്ടും മൂന്നും ടെസ്റ്റുകള്‍, രോഗം സ്ഥിരീകരിച്ച് ചികിത്സ തേടുന്നവര്‍ക്ക് അതിലധികവും സാംപിളുകള്‍ ടെസ്റ്റ് ചെയ്യുന്നില്ലേ? എന്നുപറഞ്ഞാല്‍ ഈ പറയുന്ന 68979 സാംപിളുകളില്‍ എങ്ങനെ പോയാലും ഇരുപതിനായിരത്തില്‍ താഴെയാണ് ആകെ പരിശോധിച്ച വ്യക്തികളുടെ എണ്ണം. ടെസ്റ്റുകള്‍ കൂട്ടാതെ എങ്ങനെയാണ് രോഗവ്യാപന സാധ്യത കണ്ടെത്താനാവുന്നത്? ടെസ്റ്റുകള്‍ നടത്താന്‍ എന്താണ് കേരളത്തില്‍ തടസ്സം? ഇങ്ങനെ ടെസ്റ്റുകള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാവും ശ്രീ. പിണറായി വിജയന്‍.

Exit mobile version