ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകര്‍ക്ക് നേരെ കേട്ടാലറക്കുന്ന അശ്ലീലം, ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ദുരുപയോഗം ചെയ്ത് ഞരമ്പ് രോഗികള്‍, തൊലിയുരിഞ്ഞ് കേരളം, ശക്തമായ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: കൊറോണ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈനായി ക്ലാസുകള്‍ ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇപ്പോള്‍ കേരളമാകെ വൈറലായിരിക്കുകയാണ്.

ടീച്ചര്‍മാരുടെ ക്ലാസുകള്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. പ്രത്യേകിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്. കോഴിക്കോട്ട് നിന്നുളള സായി ശ്വേത ടീച്ചറുടെ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍മാരെ ട്രോളിയും അശ്ലീലം പറഞ്ഞും മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തെ മൊത്തത്തില്‍ നാണിപ്പിക്കുന്ന തരത്തിലാണ് വിക്ടേഴ്സ് ചാനലിന്റെ യൂട്യൂബില്‍ അടക്കം മലയാളികളില്‍ ഒരു കൂട്ടം പ്രതികരിച്ചിരിക്കുന്നത്. ക്ലാസ്സെടുക്കുന്ന ടീച്ചര്‍മാര്‍ക്ക് നേരെ അശ്ലീല കമന്റുകളാണ് നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടീച്ചര്‍മാരുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്തും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് കുടുംബത്തോട് ഒപ്പമുളള ഫോട്ടോ അടക്കം എടുത്തുമാണ് ഒരു കൂട്ടം ഞരമ്പ് രോഗികള്‍ ദുരുപയോഗം ചെയ്യുന്നത്. ടീച്ചര്‍മാരുടെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമടക്കം ഫാന്‍/ ആര്‍മി പേജുകളും തുടങ്ങിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്തും കേരള പോലീസും. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കേരള പോലീസും അറിയിച്ചു.

അശ്ലീല കമന്റുകള്‍ കാരണം ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വീഡിയോയില്‍ കമന്റ് ചെയ്യാനുളള ഓപ്ഷന്‍ നീക്കം ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ കേരളത്തെ നാണം കെടുത്തുന്ന തരത്തില്‍ പെരുമാറിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ വലിയ രോഷമാണ് ഉയരുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് സോഷ്യല്‍മീഡിയയുടെയും ആവശ്യം.

Exit mobile version