സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തും; ദേശീയ ദുരന്ത പ്രതികരണസേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: ജൂണ്‍ 1-ന് തന്നെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇത്തവണ പതിവിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണസേനയുടെ നാല് സംഘങ്ങളെ കേരളത്തിലേക്ക് അയക്കും.

കേരള- ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നും മഴ ശക്തമാകുമെന്നുമാണ് കാലവസ്ഥ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കയോഗത്തിന്റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘങ്ങളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

മൊത്തം 28 സംഘങ്ങളെ സന്നദ്ധമായി നിര്‍ത്തണം എന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യ സംഘമായി 4 ടീമുകള്‍ കേരളത്തില്‍ എത്തുന്നത് എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ് ഉണ്ടാകുക.

വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുക. നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് നാല് ടീമുകള്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തില്‍ പലയിടത്തും കനത്ത മഴ ലഭിക്കുന്നുണ്ട്.

Exit mobile version