നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്‌കാര ചടങ്ങില്‍ ആളുകള്‍ ഒത്തുകൂടി; 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാര ചടങ്ങില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്. താനെ ജില്ലയിലെ ഉല്‍ഹാസ്‌നഗറിലാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ശവസംസ്‌കാര ചടങ്ങ് നടന്നത്. ചടങ്ങില്‍ 70 ഓളം പേരാണ് പങ്കെടുത്തത്. ഇതില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 25 നാണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40 കാരി മരണമടഞ്ഞത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്‌കാര ചടങ്ങുകളില്‍ മൃതദേഹം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ബന്ധുക്കളോട് വിശദീകരിച്ചിരുന്നുവെന്നും എന്നാല്‍ അവ ബന്ധുക്കള്‍ അനുസരിച്ചില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ശരീരം പൊതിഞ്ഞ കവറില്‍ തൊടരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആചാരങ്ങളുടെ ഭാഗമായി അനുമതിയില്ലാതെ അവര്‍ കവര്‍ തുറന്ന് മൃതദേഹത്തില്‍ വെള്ളം ഒഴിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്‌കാര ചടങ്ങിലെ നിയമലംഘനത്തെക്കുറിച്ച് അറിഞ്ഞ ഉടനെ 50 ഓളം പേരെ നിരീക്ഷണത്തിലാക്കുകയും അവരുടെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ പതിനെട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version