വേദന കടിച്ചമര്‍ത്തി ആംബുലന്‍സിലിരുന്ന് പ്ലസ്ടു പരീക്ഷയെഴുതി ചന്ദന

പൂച്ചാക്കല്‍: വേദനയെ കടിച്ചമര്‍ത്തി ശ്രീകണ്‌ഠേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലിരുന്ന് പ്ലസ്ടു പരീക്ഷയെഴുതി ചന്ദന. വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ പാണാവള്ളി പതിനാറാം വാര്‍ഡില്‍ കോണത്തേഴത്ത് ചന്ദ്രബാബു- ഷീല ദമ്പതികളുടെ മകളാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ചന്ദന. കഴിഞ്ഞ മാര്‍ച്ച് 10നാണ് നാടിനെ നടുക്കിയ അപകടത്തില്‍ ചന്ദനയ്ക്കും കൂട്ടുകാരികള്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

തുടയെല്ലിന് പരിക്കേറ്റ കെഎസ് ചന്ദനയ്ക്ക് ആംബുലന്‍സിലിരുന്ന് പരീക്ഷയെഴുതാന്‍ അധികൃതര്‍ സൗകര്യമൊരുക്കികൊടുത്തു. പ്ലസ്ടു ജീവശാസ്ത്രം പരീക്ഷയാണ് ആംബുലന്‍സിലിരുന്ന് എഴുതിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ചന്ദന പരീക്ഷയ്‌ക്കെത്തിയത്. സ്‌കുള്‍ പ്രിന്‍സിപ്പല്‍ എഡി വിശ്വനാഥന്‍ തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷ നടപടിയിലേക്ക് കടന്നത്.

പരീക്ഷ കഴിഞ്ഞു നടന്നുവന്ന അനഘയെയും ചന്ദനയെയും സാഘിയെയും പള്ളിവെളിയില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സൈക്കിളില്‍ പോയ അര്‍ച്ചനയെയും ഇടിച്ചു. അനഘയ്ക്കും ചന്ദനയ്ക്കും സാഘിക്കും തുടയെല്ല് പൊട്ടി ഗുരുതര പരുക്കേറ്റു. അര്‍ച്ചയുടെ ഇടതുകാലിന്റെ എല്ല് പൊട്ടി.

അപകടത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് സൗകര്യം ഒരുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. 6 പരീക്ഷകളില്‍ ആദ്യ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 3 പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞില്ല. മാറ്റി വച്ച രണ്ടു പരീക്ഷകളാണ് ഇപ്പോള്‍ എഴുതാന്‍ കഴിഞ്ഞത്.

ചന്ദനയ്ക്ക് 27,29 തീയതികളിലും സാഘിക്കും അനഘയ്ക്കും 28, 29 തീയതികളിലുമാണ് പരീക്ഷ. അര്‍ച്ചന 28ന് തൃച്ചാറ്റുകുളം എസ്എന്‍എസ് എച്ച്എസ്എസിലാണ് പരീക്ഷയെഴുതിയത്. എഴുതാന്‍ കഴിയാതിരുന്ന മൂന്ന് പരീക്ഷകളും സേ പരീക്ഷയുടെ സമയത്ത് എഴുതാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥിനികള്‍.

ഇവരുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്. 4 വിദ്യാര്‍ഥിനികള്‍ക്കും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തി.

Exit mobile version