നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്; മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ പറഞ്ഞാലും, സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടത്? പ്രതികരിച്ച് മാലാ പാർവതി

വിവാഹസമ്മാനമായി സ്വർണ്ണവും പണവും നൽകി അയച്ച പെൺകുട്ടി ഭർതൃവീട്ടിൽ ഏതുതരം പീഡനം സഹിച്ചാലും ക്ഷമിച്ചും നാട്ടുകാർ അറിയാതെയും കഴിച്ചൂകൂട്ടാൻ പറയുന്ന മാതാപിതാക്കളെ കുറിച്ച് ഓർമ്മിപ്പിച്ച് നടി മാലാ പാർവതിയുടെ കുറിപ്പ്. നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്. കുഞ്ഞായാൽ പിന്നെ, എല്ലാ വഴികളും അടയും.മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബഡിച്ചാലും, സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടതെന്നറിയില്ല. വീടാണ് സുരക്ഷിതമായ ഇടമെന്ന നിയമപാലകർ അടക്കമുള്ളവരുടെ ധാരണ മാറ്റണമെന്നും താരം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വീട്ടിൽ ഒരു കുഞ്ഞ് ജനിച്ചാൽ, ആധിയും കൂടെ പിറക്കും. ആണായാലും, പെണ്ണായാലും. ഒരു നിലയിലെത്തി കാണുന്നത് വരെ ഒരു സമാധാനവുമുണ്ടാവില്ല. നഴ്‌സറിയിൽ പഠിക്കുമ്പോൾ പോലും, പഠിത്തത്തിൽ താല്പര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞ് മനശ്ശാസ്തജ്ഞരെ കാണുന്നവരുണ്ട്. ടീനേജിലെ, സ്വാഭാവികമായി വരുന്ന പെരുമാറ്റ ദൂഷ്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകി മെരുക്കാൻ ശ്രമിക്കുന്നവരും വിരളമല്ല. ജയിക്കണം, പോര..ഒന്നാമതാവണം. ഡോക്ടറോ എഞ്ചിനീയറോ ആയി വലിയ ശമ്പളത്തിൽ വിദേശത്ത് പോകണം. നല്ല കല്യാണം നടക്കണം, സെറ്റിൽ ചെയ്യണം. കാലത്ത് പോയാൽ വൈകിട്ട് വീട്ടിലെത്താൻ കഴിയുന്ന, നല്ല ശമ്പളമുള്ളവളാകണം മരുമകൾ. അവൾ,നല്ല വീട്ടിലെ, അടക്കവും ഒതുക്കവുമുള്ള, ഭർത്താവിനെ അനുസരിച്ച്, കീഴ്‌പ്പെട്ട് കഴിയുന്നവളും ആകണം. അവിടെയും തീരുന്നില്ല പേരക്കുട്ടിയുടെ വിദ്യാഭ്യാസം വരെ ആധിക്ക് കാരണങ്ങളാണ്.

ഇതൊക്കെ നാട്ടുനടപ്പായി മാറി കഴിഞ്ഞ നാടാണ് കേരളം. അങ്ങനെ ഉള്ള ഒരിടത്തേക്കാണ് ഒരല്പം വ്യത്യസ്തനായ ഒരു കുഞ്ഞ് ജനിക്കുന്നത് എന്ന് സകല്പിക്കുക. കാഴ്ചയ്ക്ക് പ്രശ്‌നമൊന്നുമില്ലെങ്കിൽ പിന്നെ പ്രശ്‌നങ്ങൾ ഒക്കെ മറച്ച് വച്ച് സാധാരണ കുട്ടിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടങ്ങുകയായി. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ. പെൺകുട്ടിയാണെങ്കിൽ, എങ്ങനെയെങ്കിലും, വല്ലവന്റേയും കൂടെ ഇറക്കി വിടാനുള്ള പരിശ്രമമാണ്. പഠിക്കാനൊക്കെ പുറകിലോട്ടാണെങ്കിൽ 18 വയസ്സിലെ കെട്ടിക്കും.’ ആദ്യരാത്രി’ എന്ന പേരിൽ നടക്കാനിരിക്കുന്ന കടന്നാക്രമണങ്ങളെ കുറിച്ച് പോലും ധാരണയില്ലാതെ, പെൺകുട്ടിക്ക് മാനസിക നില വരെ തെറ്റി പോകാറുണ്ട്. ‘ഉമ്മ’ വയ്ക്കുന്നത് പോലും പാപമാണ് എന്ന് അത്രയും നാൾ കേട്ട് വളർന്ന, സ്‌ക്കൂളിൽ പോലും അധികം പോയിട്ടില്ലാത്ത, വീട്ടുകാരുടെ സംരക്ഷണയിൽ കഴിഞ്ഞ പെൺകുട്ടികൾ ഭയന്ന് പോകുമ്പോൾ, ഉറക്കെ കരയുമ്പോൾ, അവരെ ഒന്ന് ചേർത്ത് പിടിക്കാതെ വീട്ടുകാർ, ശാസിച്ച് ഭർത്താവിന്റടുത്തയയ്ക്കും. പിന്നീട്, ചിരിക്കാനും കരയാനും മറന്ന് പോകുന്നവരാകും ഇവർ.മരിച്ച മനസ്സുള്ളവർ. അനുസരിക്കാൻ മാത്രം അറിയാവുന്നവർ. സ്വപ്നങ്ങൾ തകർന്ന അവസ്ഥയിൽ, ഗർഭവും ധരിക്കും. ഗർഭകാലത്ത് തോനുന്ന മാനസിക പ്രശ്‌നങ്ങളും, ശാരീരിക ആസ്വാസ്ഥ്യങ്ങളും പുറത്ത് കാട്ടാതെ, അവൾ എല്ലാവരുടെയും അടിവസ്ത്രം വരെ നനച്ച് കൊടുക്കും. ഇങ്ങനെയെങ്കിലും നിലനിർത്താൻ പെണ്ണിന്റെ അച്ഛൻ പണം നൽകി കെണ്ടേയിരിക്കും. വീട്ടിൽ കൊണ്ടാക്കുമെന്ന ഭീഷണിയെ ചെറുക്കാനാണത്. അല്ലാതെ അവൾ അനുഭവിക്കുന്ന ആട്ടും തുപ്പും നിർത്താനല്ല. നാട്ടുകാരറിയാത്തിടത്തോളം ആട്ടും കുത്തും സാരമില്ലാത്തവയാണ്. കുഞ്ഞായാൽ പിന്നെ, എല്ലാ വഴികളും അടയും.മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്റെയും കൂടെ കിടക്കാൻ നിർബഡിച്ചാലും, സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടതെന്നറിയില്ല.

ഒരു പക്ഷേ സർക്കാരിനാകും എന്തെങ്കിലും ചെയ്യാനാകുക. വിടുകളാണ് സുരക്ഷിതമായ ഇടങ്ങൾ എന്ന ധാരണ മാറ്റണം. നിയമപാലകർ ക്കും ‘കുടുംബം,’ എന്ന ഇൻസ്റ്റിറ്റിയൂഷനിൽ നടക്കാവുന്ന അപകടങ്ങളെ കുറിച്ച് ധാരണയുണ്ടാക്കി കൊടുക്കണം. സോഷ്യൽ സെക്യുരിറ്റി ഹോമ്‌സും, റിഹാബിലിറ്റേഷൻ സെന്ററുകളും ഉണ്ടാവണം. ഭയപ്പെടാതെ തല ഉയർത്തി, ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ ഉണ്ടാവണം. ആർക്കും വേണ്ടാത്തവർ എന്ന് സ്വയം ശപിച്ച് ഈ നാട്ടിൽ ആരും ജീവിക്കാതിരിക്കട്ടെ. ഭർതൃഗ്രഗങ്ങൾ, പാമ്പിന്റെ മാളങ്ങളും, തീപ്പുരകളും ആകാതിരിക്കട്ടെ. പണം കൊടുത്ത് , സ്‌നേഹിക്കാനാളെ വാങ്ങാം എന്ന ധാരണ ഒഴിത്ത് പോകട്ടെ.നിർഭയയുടെ, മൃഗീയ ബലാൽസംഗവും കൊലപാതകവും കാരണമാണ് വർമ്മ കമ്മീഷൻ ഉണ്ടായത്. നമ്മുടെ നാട്ടിൽ മാനസികമോ, ശാരീരികമോ ആയ പോരായ്മകളോടെയോ,
ആസ്വാസ്ഥ്യങ്ങളോടെയോ ജനിക്കുന്ന കുട്ടികൾക്ക് ഉത്രയുടെ ആത്മാവ് കവചം തീർക്കട്ടെ. നിറഞ്ഞ ചിരിയോ ടെ, പ്രതീക്ഷയോടെ കല്യാണ പന്തലിൽ നിന്ന ഉത്രയ്ക്കനുഭവിക്കേണ്ടി വന്നത്, മറ്റൊരാൾക്കും ഉണ്ടാവാതിരിക്കാൻ വേണ്ട നിയമങ്ങളെങ്കിലും ഈ നാട്ടിൽ ഉണ്ടാകേണ്ടതുണ്ട്.നിയമങ്ങൾക്ക് പോരായ്മയുണ്ടെങ്കിൽ പരിഹരിക്കണം.

Exit mobile version