സംസ്ഥാനത്തെ കൊവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ; ക്വാറന്റൈൻ പോലും ലംഘിച്ച് ജനങ്ങൾ; കർശ്ശന നടപടികൾക്ക് ശുപാർശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിലേക്കു മാറിയതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ എത്താൻ തുടങ്ങിയതോടെയാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനൊപ്പം ലോക്ക് ഡൗൺ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതും ക്വാറിന്റൈൻ ലംഘനങ്ങൾ ഉണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ.

ഈ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളും കരുതലും കൂടുതൽ ജാഗ്രതയോടെ നടപ്പാക്കണം. ചെറിയ തരത്തിലുള്ള ലോക്ക് ഡൗൺ ലംഘനങ്ങൾ പോലും അനുവദിക്കുന്നതു രോഗവ്യാപനത്തിന് ഇടവരുത്തുമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായമുയർന്നു.

ഗുരുതരമായ ഈ സാഹചര്യത്തിൽ കരുതൽ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് സൂചന. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് സമൂഹ വ്യാപനത്തിന്റെ വക്കിൽ കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ആഘോഷപരിപാടികളിലും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആളുകൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. വിവാഹങ്ങൾക്ക് 50 പേരും മരണാനന്തരചടങ്ങുകൾക്ക് 20 പേരും ആകാമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് ചടങ്ങുകൾക്ക് പല തവണയായി കൂടുതൽ ആളെത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ കഴിഞ്ഞദിവസവും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു.

Exit mobile version