ഉത്ര കേസിൽ നിർണ്ണായകമായ പാമ്പിന്റെ പോസ്റ്റ് മോർട്ടം ഇന്ന്; കുറ്റം തെളിഞ്ഞാൽ സൂരജിന് വധശിക്ഷ വരെ ലഭിച്ചേക്കാമെന്ന് എസ്പി

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവിനായി കടിച്ച പാമ്പിന്റെ പോസ്റ്റുമോർട്ടം ചൊവ്വാഴ്ച നടത്തും. ഉത്രയെ കടിച്ച മൂർഖൻ പാമ്പിനെ സംഭവദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഈ പാമ്പിനെയാണ് ചൊവ്വാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നത്. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിർണായക തെളിവുകൾ പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഉത്ര വധക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്നാണ് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പ്രതികരിച്ചത്. കേസിൽ 80 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് ശ്രമം. സാഹചര്യ തെളിവുകൾ ഉപയോഗിച്ച് കേസ് തെളിയിക്കുക എന്നത് പോലീസിന് വലിയ വെല്ലുവിളിയാണ്. കുറ്റകൃത്യം നടന്ന സന്ദർഭത്തിൽ ഭാര്യയും ഭർത്താവുമാണ് ഉണ്ടായിരുന്നത്. കേസിൽ സാക്ഷികളില്ലെന്നും എന്നാൽ കുറ്റം തെളിഞ്ഞാൽ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version