സിനിമാ സെറ്റുകള്‍ കണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണം; രോഷത്തോടെ ആഷിഖ് അബു, മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം

കൊച്ചി: ടൊവീനോ തോമസ്- ബേസില്‍ ജോസഫ് ടീമിന്റെ മിന്നല്‍ മുരളി സിനിമയ്ക്ക് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച സെറ്റ് പൊളിച്ചതില്‍ രോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. സിനിമ സെറ്റുകണ്ടാല്‍പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്ന് ആഷിഖ് അബു കുറിക്കുന്നു.

മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മ്മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതാണ് ഒറ്റ നിമിഷത്തില്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

Exit mobile version