മണിക്കൂറുകള്‍ നാടിനെ വിറപ്പിച്ച് രാജവെമ്പാല; 12 അടി നീളമുള്ള രാജവെമ്പാലയെ സാഹസികമായി പിടികൂടി മാര്‍ട്ടിന്‍

കോതമംഗലം: മണിക്കൂറുകള്‍ നാടിനെ വിറപ്പിച്ച് നിര്‍ത്തിയ രാജവെമ്പാല ഒടുവില്‍ പിടിയില്‍. കോതമംഗലം ഭൂതത്താന്‍കെട്ട് ഡാമിനു സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെയാണ് പാമ്പ് പിടിത്തക്കാരനായ യുവാവ് അതിസാഹസികമായി പിടികൂടിയത്.

ഭൂതത്താന്‍കെട്ട് ഡാമിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കറുത്ത നിറത്തിലുള്ള രാജവെമ്പാലയെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. ഉടന്‍ ഈ വിവരം അവര്‍ വനപാലകരെ അറിയിച്ചു.

തുടര്‍ന്ന് മാര്‍ട്ടിന്‍ മേയ്ക്കമാലിയുമായി വനപാലക സംഘം എത്തിയെങ്കിലും പാമ്പ് മറ്റൊരിടത്തേക്ക് നീങ്ങി. തിരിച്ചിലിനൊടുവില്‍ സ്വകാര്യ വ്യക്തിയുടെ കാട് മൂടിക്കിടന്ന പറമ്പിലെ കല്‍ക്കെട്ടില്‍ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ മാളത്തിലൊളിച്ച രാജവെമ്പാലയെ മാര്‍ട്ടിന്‍ കൈയ്യോടെ പിടികൂടി.

12 അടി നീളമുള്ള, കറുത്ത, പെണ്‍ ഇനത്തില്‍പ്പെട്ട രാജവെമ്പാലയായിരുന്നു നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ കീഴടങ്ങിയത്. ചൂടുകൂടുന്നതോടെ രാജവെമ്പാലകള്‍ നാട്ടിലിറങ്ങാന്‍ സാധ്യതയേറെയാണെന് മാര്‍ട്ടിന്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ കരിമ്പാനി വനത്തില്‍ തുറന്നു വിട്ടു.

Exit mobile version