ഉത്രയുടെ കൊലപാതകം; ഭര്‍ത്താവ് സൂരജ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍; വിചിത്രമായ കൊലപാതകമെന്ന് പോലീസ്

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്ത് സുരേഷ് എന്ന ആളെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പാമ്പുകടിയേറ്റുള്ള മരണം കൊലപാതകമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറല്‍ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവതിയുടെ സ്വത്ത് തട്ടിയെടുത്ത് യുവതിയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത്. സൂരജ് കുടുംബ ജീവിതത്തില്‍ തൃപ്തനായിരുന്നില്ല. മൂന്ന് മാസം മുന്‍പാണ് ഗൂഢാലോചന തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും.കൊലപാതകമായി ബന്ധമുള്ള എല്ലാം അന്വേഷിക്കുമെന്നും കൊട്ടാരക്കര റൂറല്‍ എസ്പി വ്യക്തമാക്കി.

അറസ്റ്റിലായ സുരേഷില്‍ നിന്ന് 10000 രൂപയ്ക്ക് പാമ്പ് വാങ്ങിയാണ് സൂരജ് കൊലപാതകം നടത്തിയത്. അതെസമയം സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനും പാമ്പാട്ടിക്കും എതിരെ വനംവകുപ്പും കേസെടുക്കും. വനം വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശം വച്ചതിനാണ് കേസെടുക്കുക.

അഞ്ചല്‍ സ്വദേശിനി ഉത്ര(25)യ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്. ആദ്യ തവണ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന്ചികിത്സ കഴിഞ്ഞ് ഉത്രയുടെ വീട്ടില്‍ വിശ്രമിക്കവെയാണ് വീണ്ടും പാമ്പു കടിയേറ്റ് മരിച്ചത്. മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടെ വീട്ടില്‍ അന്ന് ഭര്‍ത്താവ് സൂരജും ഉണ്ടായിരുന്നു. മരിച്ച അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.

എസി ഉണ്ടായിരുന്ന, നിലം ടൈലിട്ട അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിപ്പിച്ചത്.

Exit mobile version