കേരളത്തെ വീണ്ടെടുക്കാന്‍ നമുക്ക് നമ്മുടെ കുട്ടികളെയും പങ്കാളികളാക്കാം! അവര്‍ക്ക് നൂറ് ദിവസം കൊണ്ട് 300 കോടി നല്‍കാനാകും;നിര്‍ദ്ദേശവുമായി മുഖ്യമന്ത്രിക്ക് റിട്ട.അധ്യാപികയുടെ കത്ത്

തൃശൂര്‍: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ വീണ്ടെടുക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി റിട്ട.അധ്യാപിക എല്‍സി ജോണ്‍. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ അധ്യാപിക മുന്നോട്ട് വയ്ക്കുന്നത്.

നവകേരള നിര്‍മ്മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നും, അവരെ പങ്കാളികളാക്കണമെന്നുമാണ് എല്‍സി ജോണിന്റെ അഭ്യര്‍ഥന. അത് എങ്ങനെ നടപ്പിലാക്കാമെന്ന നിര്‍ദ്ദേശവും എല്‍സി വ്യക്തമാക്കുന്നുണ്ട്.

‘ജാതിയോ മതമോ രാഷ്ട്രീയമോ സാമ്പത്തിക സ്ഥിതിയോ എന്തുമാകട്ടെ ഇവിടെ തകര്‍ന്നടിഞ്ഞു കിടക്കുന്നത് നമ്മുടെ കേരളമാണ്. ഇതിങ്ങനെ നാശോന്മുഖമായി കിടക്കാന്‍ അനുവദിച്ചു കൂടാ. പ്രളയം തകര്‍ത്ത നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ നമുക്ക് നമ്മുടെ കുട്ടികളെ കൂടി പങ്കാളിയാക്കാം..’ സാലറി സലഞ്ചും, പ്രളയ ധനസഹായ സമാഹരണം വിവാദങ്ങളും രാഷ്ട്രീയ വാദങ്ങളുമായി മാറിയ സാഹചര്യം കൂടി കണക്കിലെടുത്താണ് എല്‍സിയുടെ കത്ത്.

കേരളത്തിലെ പ്രൈമറി തലം മുതല്‍ പ്രഫഷണല്‍ കോളേജ് അടക്കമുള്ള ഉന്നതതലം വരെയുള്ള വിദ്യാര്‍ഥികളെ ഇതില്‍ പങ്കെടുപ്പിക്കാം. ഓരോ വിദ്യാര്‍ഥിയും കുറഞ്ഞത് ഒരു രൂപ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.
സ്‌കൂളുകളുടെ അവസ്ഥയും വിദ്യാര്‍ഥികളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമാണ്. ദിവസവും ഒരു രൂപ മാത്രം കൊണ്ടുവരാന്‍ കഴിയുന്ന കുട്ടികളും രണ്ടോ അഞ്ചോ പത്തോ അതിനു മുകളിലോ കൊണ്ടു വരാന്‍ കഴിയുന്ന കുട്ടികളും ഒരു ക്ലാസിലുണ്ടാകും. ഇവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും എല്‍സി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ നൂറ് ദിവസത്തിനുള്ളില്‍ 250-300 കോടി ഇവരില്‍ നിന്ന് സമാഹരിക്കാനാകുമെന്നും അധ്യാപിക നിര്‍ദ്ദേശിക്കുന്നു.

അവരുടെ നാടിനെ ഏറ്റവും മനോഹാരിതയോടെ, ആധുനിക സൗകര്യങ്ങളോടെ, ഭയലേശമില്ലാതെ, ജീവിക്കാന്‍ കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാടായിത്തന്നെ തിരിച്ചു നല്‍കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് എല്‍സി ജോണിന്റെ കത്ത് അവസാനിക്കുന്നത്. മാള സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച തൃശൂര്‍ തോളൂര്‍ സ്വദേശിനിയാണ് എല്‍സി ജോണ്‍.

ധനസമാഹരണത്തിന് കത്തിലെ നിര്‍ദ്ദേശങ്ങള്‍

*ക്ലാസ് പിടിഎ യോഗം ചേര്‍ന്ന് രക്ഷിതാക്കളുടെ സാമ്പത്തിക നിലക്കും വരുമാനത്തിനുമനുസരിച്ച് ഓരോ കുട്ടിക്കും കൊടുത്തയക്കാന്‍ കഴിയുന്ന സംഖ്യയെ കുറിച്ച് ധാരണയുണ്ടാക്കുക.
* ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങള്‍ നവകേരള നിര്‍മ്മിതിക്കായി മാറ്റിവെക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കണം.
*എല്ലാവരും ദിവസവും ഒരു രൂപ എന്ന പോളിസി നിലനിറുത്തി കൊണ്ട് കൂടുതല്‍ സമാഹരിക്കാന്‍ അധ്യാപകര്‍ മുന്‍കയ്യെടുക്കണം
*കുട്ടികള്‍ ദിവസവും കൊണ്ടുവരുന്ന സംഖ്യ ഒരു പ്രത്യേക ചാര്‍ട്ടില്‍ രേഖപ്പെടുത്തി ക്ലാസിലെ വരുമാനം കണക്കാക്കി ഓഫീസിലെ ചാര്‍ട്ടിലും രേഖപ്പെടുത്താം. (സുതാര്യ പ്രവര്‍ത്തനത്തിനും ഇത് സഹായകരം).
*രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണം.
*100 അധ്യയന ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി തയ്യാറാക്കി, ജാതിമത കക്ഷിരാഷ്ട്രീയത്തിനതീതമായ മാനവീകതയും കേരളീയതയും പ്രകടമാകണം.
*1000 കുട്ടികളുള്ള ഒരു സ്‌കൂളില്‍ നിന്ന് ശരാശരി 2500-3000 രൂപയോ അതില്‍ കൂടുതലോ ദിവസവും ദുരിതാശ്വസനിധിയിലേക്ക് ലഭിക്കും.
* ഒരു കോടിയോളം വിദ്യാര്‍ഥികളുണ്ട് കേരളത്തില്‍. ഇവരില്‍ നിന്നും 100 ദിവസം കൊണ്ട് 250-300 കോടിയോ, അതില്‍ കൂടുതലോ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികളുടെ വിഹിതമായി എത്തിയിരിക്കും – എന്ന് എല്‍സിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

Exit mobile version