പഞ്ചാബില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ട ആലപ്പുഴ സ്വദേശി മരിച്ചനിലയില്‍

ചാരുംമൂട്: പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് പുറപ്പെട്ട യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണ്ണികയില്‍ രഘുപതി – സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33)യാണ് മരിച്ചത്.

വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയില്‍വെ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നൃപനെ ട്രെയില്‍ കയറി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്
ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

പഞ്ചാബിലെ ജലന്ധറിലുള്ള സ്വകാര്യ ഓയില്‍ കമ്പനിയില്‍ പത്ത് വര്‍ഷമായി ജോലി ചെയ്തു വരികയാണ് നൃപന്‍. 19-ാംതീയതിയാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനില്‍ നിന്നിറങ്ങിയ നൃപന്‍ കുറെ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ട്രെയിന്‍ പുറപ്പെട്ടിട്ടും നൃപന്‍ കമ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നില്ല. 2.30 ഓടെ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ച നിലയില്‍ പ്ലാറ്റ്‌ഫോമിലെ ട്രാക്കില്‍ നൃപന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് വെള്ളിയാഴ്ച രാത്രി 2 മണിയോടെ ആന്ധ്ര പോലീസ് ബന്ധുക്കളെ അറിയിച്ചത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിലുണ്ടായിരുന്ന നൃപന്റെ ബാഗുകളും മറ്റും കൂടെയുണ്ടായിരുന്നവര്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. വിജയവാഡ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. റാപ്പിഡ് പരിശോധന നടത്തി നൃപന് കോവിഡ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി താമരക്കുളത്തു നിന്നും ബന്ധുക്കള്‍ ഇന്നലെ വിജയവാഡയ്ക്ക് തിരിച്ചിട്ടുണ്ട്. സഹോദരി: നിത്യ.

Exit mobile version