ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം കൊച്ചിയില്‍ തിരിച്ചെത്തി

കൊച്ചി: ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. ഒമ്പത് മണിയോടെ എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജോര്‍ദാനില്‍ നിന്ന് സംഘം പുറപ്പെട്ടത്. 58 പേരാണ് സിനിമാ സംഘത്തിലുള്ളത്.

വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ നേരെ ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ സെന്ററിലേക്കാണ് പോവുന്നത്. 14 ദിവസം ഇവിടെ നിരീക്ഷണത്തില്‍ തുടരും.

‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിന്‍ എത്തിയ പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അവിടെ ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ഫെബ്രുവരി 29 നാണ് പൃഥ്വിയുള്‍പ്പെടുന്ന സംഘം ജോര്‍ദാനിലേക്ക് തിരിച്ചത്. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ട ഇടവേളക്ക് ശേഷം എആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്.

Exit mobile version