എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു; ജൂണ്‍ ആദ്യ വാരം നടത്താന്‍ ആലോചന

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. എന്നാല്‍ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാനം പരീക്ഷ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യ സമയത്ത് പരീക്ഷക്ക് എത്താന്‍ കഴിയുമോ, സുരക്ഷിതമായി പരീക്ഷ നടത്താന്‍ കഴിയുമോ എന്നിങ്ങനെ നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്‌നം.

Exit mobile version