വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കണ്ണൂരില്‍ എത്തും

കണ്ണൂര്‍: വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കണ്ണൂരില്‍ എത്തും. കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് ഇന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക. കുവൈറ്റില്‍ നിന്നുള്ള വിമാനം രാത്രി 9.10നും ദോഹയില്‍ നിന്നുള്ള വിമാനം രാത്രി 1.30നുമാണ് എത്തുക.

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാനും പരിശോധിക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി ദുബായിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളാണ് ഇതുവരെ കണ്ണൂരില്‍ എത്തിയത്. പ്രവാസികളുമായി കൂടുതല്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ണൂരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ ദിവസം പ്രവാസികളുമായി നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമെത്തിയ വിമാനങ്ങളിലെ ഏഴ് പേര്‍ക്ക് കൊവിഡ് ലക്ഷണം. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആറ് പേര്‍ക്കും ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. വിമാനത്താവളത്തില്‍ വെച്ച് നടന്ന പരിശോധനയില്‍ ഉയര്‍ന്ന ശരീരോഷ്മാവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version