ആശങ്ക ഒഴിയാതെ സംസ്ഥാനം; ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നി ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട്,മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി ഉയര്‍ന്നു. ഇതില്‍ 130 പേര്‍ ചികിത്സയിലുണ്ട്. 67789 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 67316 പേര്‍ വീടുകളിലും 473 ആശുപത്രികളിലുമാണ്.

126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെഗറ്റീവാണ്. സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാഗമായി ശേഖരിച്ച 5154 സാമ്പിളുകളില്‍ 5085 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 29 ഹോട്ട് സ്‌പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് പുതുതായി ചേര്‍ത്തു.

Exit mobile version