കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; 18കാരനായ ഒന്നാം പ്രതി പിടിയിൽ

പൊന്നാനി: യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളോട് നാലു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരൺ (18) ആണ് അറസ്റ്റിലായത്. മേയ് ഒൻപതിനാണ് പൊന്നാനി ഉറൂബ് നഗർ സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയി കിരണിന്റെ നേതൃത്വത്തിലെ സംഘം മർദ്ദിച്ച് അവശനാക്കിയത്.

പിന്നീട് ബന്ധുക്കളെ വിളിച്ച് സംഘം മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമൽ ബഷീറിന് 45,000 രൂപ നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഇയാൾ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി കിരണിന് നൽകുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ പ്രതികാരമായാണ് സുഹൃത്തായ കിരൺ ഇയാളെ അയിലക്കാട്ടെ സുഹൃത്തിന്റെ വീട്ടിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.

ചിറക്കലിൽവെച്ച് കാറിലെത്തിയസംഘം അമൽ ബഷീറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ഒരു കിലോ മീറ്റർ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തി മർദിക്കുകയും കത്തികൊണ്ട് ദേഹമാസകലം മുറിവേൽപ്പിക്കുകയും ഇയാളുടെ പേഴ്‌സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് വീട്ടിൽവിളിച്ച് മോചനദ്രവ്യമായി നാലു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടർന്ന് കുടുംബം പൊന്നാനി പോലീസിൽ പരാതി നൽകി. പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ അറസ്റ്റുചെയ്തത്.

Exit mobile version