അനില്‍കുമാറിന്റെ കാരുണ്യ സീറ്റില്‍ വില്ല്യംസ് നാട്ടിലെത്തും, വെന്റിലേറ്ററിലുള്ള പൊന്നോമനയെ കാണാന്‍; നന്മ കഥ

മസ്‌കത്ത്: അനില്‍കുമാറിന്റെ മനസ്സിന്റെ വലിയ നന്മയില്‍ മസ്‌കത്തില്‍ നിന്നും വില്ല്യംസ് നാട്ടിലെത്തും, വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞ് മകനെ കാണാന്‍. രണ്ടാം ഘട്ട വിമാന സര്‍വീസിലെ ആദ്യ വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങുന്ന വില്ല്യംസ് ഇവിടെ നിന്ന് തൃശൂരിലേക്ക് പോകും.

അതീവ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഏകമകനെ കാണാന്‍ ചേര്‍പ്പ് സ്വദേശി വില്ല്യംസിന് ടിക്കറ്റ് ലഭിച്ചിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാറാണ് എംബസി ലിസ്റ്റില്‍ യാത്രക്ക് അവസരം ലഭിക്കാതിരുന്ന വില്ല്യംസിന് കാരുണ്യത്തിന്റെ മനസ്സോടെ സീറ്റ് നല്‍കിയത്. അടുത്ത തിരുവനന്തപുരം വിമാനത്തില്‍ അനില്‍ കുമാറിന് നാടണയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വില്ല്യംസിന്റെ രണ്ട് വയസ്സുള്ള മകന്‍ സാവിയോ പനിയെയും ഛര്‍ദിയെയും തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററിലാണ്. മകനെ കാണാന്‍ വില്ല്യംസിന് ആദ്യഘട്ടവിമാനത്തില്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. വില്ല്യംസിന്റെ സങ്കടം മസ്‌കത്തിലെ പ്രവാസി മലയാളികള്‍ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തതോടെ മകന്റെ അടുത്തെത്താന്‍ വില്ല്യംസിന് വഴി തെളിഞ്ഞു.

മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനിയറാണ് വില്ല്യംസ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മകനെ ചെറിയ പനിയെയും ഛര്‍ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വില്ല്യംസ് പറഞ്ഞു. ശനിയാഴ്ചയാണ് തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതും.

തിരുവനന്തപുരം വിമാനത്തിനുള്ള ടിക്കറ്റുകള്‍ പൂര്‍ണമായി നല്‍കി കഴിഞ്ഞതിനാല്‍ യാത്രക്കാര്‍ ആരെങ്കിലും മാറികൊടുത്താല്‍ മാത്രമേ വില്ല്യംസിന് പോകാന്‍ സാധിക്കുമായിരുന്നുള്ളൂ. തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ അനില്‍കുമാറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ മനസോടെ മാറി നല്‍കുകയായിരുന്നു.

ബുആലിയിലെ ഫിഷറീസ് കമ്പനി ജോലിക്കാരനായിരുന്ന അനില്‍കുമാര്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ചികിത്സക്കും വിശ്രമത്തിനുമായാണ് നാട്ടിലേക്ക് പോകാനിരുന്നത്. ജോലി നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ മാസം 24നാണ് വയറുവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരളിന് താഴെ ഉള്ള ട്യൂബില്‍ കല്ലാണെന്ന് കണ്ടെത്തി. മസ്‌കത്തില്‍ ഇതിനായുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. നാട്ടില്‍ തുടര്‍ ചികിത്സക്കും വിശ്രമത്തിനായി പോകാനാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ ഇദ്ദേഹത്തിന് മഞ്ഞപ്പിത്തവും പിടിപെട്ടു. വേള്‍ഡ് മലയാളി ഫെഡറേഷനാണ് ഇദ്ദേഹത്തിന്റെ ചികിത്സാകാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് വില്ല്യസിന്റെ വിഷമങ്ങള്‍ അറിയുന്നത്. ഇതോടെ തന്റെ സീറ്റൊഴിഞ്ഞ് നല്‍കുകയായിരുന്നു അനില്‍ കുമാര്‍.

Exit mobile version