വയനാട്ടില്‍ 650 ഓളം ആദിവാസികള്‍ ക്വാറന്റൈനില്‍; മൂന്ന് കോളനികള്‍ പൂര്‍ണമായും അടച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള വയനാട്ടില്‍ മൂന്ന് കോളനികളിലെ 650 ഓളം ആദിവാസികളെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു.
വയനാട്ടിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. മാത്രമല്ല കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം. ആദിവാസി വിഭാഗക്കാരിലേറെയും പോഷകാഹാരക്കുറവും വിളര്‍ച്ചയുമുളളവരുമാണ്.

മുന്‍കരുതലിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികള്‍ പൂര്‍ണമായും അടച്ചു. സന്ദര്‍ശകരെ പൂര്‍ണമായും വിലക്കി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുറത്ത് നിന്ന് ആരേയും അനുവാദമില്ലാതെ കോളനിയിലേക്ക് കടത്തില്ലെന്ന് പോലീസ് അറിയിച്ചു.

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച് എത്തിയ ട്രക്ക് ഡ്രെവറുടെ മകളുടെ ഭര്‍ത്താവ് നടത്തിയിരുന്ന ചായക്കടയിലും പലചരക്ക് കടയിലും കോളനികളില്‍ ഉള്ളവരില്‍ ഏറെ പേരും എത്തിയിരുന്നതായാണ് വിവരം.

നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് കോളനികളും അഡിയ വിഭാഗക്കാരുടേതാണ്.
177 കോളനികളിലായി പതിമൂന്നായിരത്തില്‍ അധികം അഡിയരാണ് വയനാട്ടിലുളളത്. ഇവരാകട്ടെ ദിവസേന എന്നവണ്ണം പരസ്പരം ബന്ധപ്പെടുന്നവരും. സമാനമായ സ്ഥിതിയാണ് പണിയര്‍ അടക്കമുളള മറ്റ് ആദിവാസികളുടെയും.

Exit mobile version