കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, വയനാട്ടില്‍ കര്‍ശന നിയന്ത്രണം

മാനന്തവാടി: വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ രോഗം പടരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകന്‍ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധി പേര്‍ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

ഈ സാഹചര്യത്തില്‍ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അമ്പലവയല്‍, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്.

നിലവില്‍ വയനാട്ടില്‍ പത്തൊമ്പത് പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 19 പേരില്‍ 15 പേര്‍ക്കും രോഗം പകര്‍ന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്. ഇയാള്‍ക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകര്‍ച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേര്‍ക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 2030 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Exit mobile version