സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാവകുപ്പ്

rain alert kerala | big news live

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. അതേസമയം ഇത് നാലുദിവസം നേരത്തേയാകാനോ വൈകാനോ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഒന്നിനാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ തുടങ്ങാറ്. അതേസമയം ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്ന് നേരത്തേ കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു.

ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കരയിലേക്ക് ആദ്യം കടക്കുന്നത് കേരളത്തിലാണ്. അന്തമാന്‍ കടലില്‍ മേയ് 22ന് കാലവര്‍ഷം എത്തണം. ഇപ്പോള്‍ അവിടെ ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ അത് അംഫാന്‍ ചുഴലിക്കാറ്റായി മാറുമെന്നും ഈ മാറ്റം കാലവര്‍ഷത്തിന്റെ കടന്നുവരവിന് അനുയോജ്യമാണെന്നുമാണ് കാലാവസ്ഥാവകുപ്പ് വിലയിരുത്തുന്നത്.

അതേസമയം കേരളത്തില്‍ കാലവര്‍ഷം മേയ് 28ന് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ ‘സ്‌കൈമെറ്റ്’ വിലയിരുത്തുന്നത്. മറ്റൊരു ഏജന്‍സിയായ വെതര്‍ചാനലിന്റെ പ്രവചനം മെയ് 31ന് എത്തുമെന്നാണ്.

Exit mobile version