സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 311 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍: സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 187 പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 576 കേസുകളില്‍ പകുതിയില്‍ അധികം ആളുകളും വിദേശത്ത് നിന്ന് എത്തിയവര്‍. വിദേശത്ത് നിന്ന് എത്തിയ 311 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ 8 പേര്‍ വിദേശികളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 70 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 187 പേര്‍ക്കാണ് രോഗം ബാധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതെസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം.

ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്ന് എത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. നിലവില്‍ 80 പേര്‍ ചികിത്സയില്‍ ഉണ്ട്.

ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാല്‍ കരുതല്‍ വര്‍ധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version