ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ, ചില പ്രതിപക്ഷ നേതാക്കളുടെ കൊറോണക്കാലത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍ കിലുക്കം സിനിമയിലെ രംഗം ഓര്‍മ വരുന്നു; കെയു ജനീഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം: രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകള്‍ നടത്താന്‍ വേണ്ടിയെങ്കിലും ഈ നാടിനെ രക്ഷപ്പെടാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കൊറോണ കാലത്തെ പ്രതിപക്ഷത്തിന്റെ ഇടപെടലുകളെ പരിഹസിച്ചുകൊണ്ടാണ് ജനീഷ് കുമാര്‍ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ പ്രതിപക്ഷത്തെ പരിഹസിച്ചത്. മോഹന്‍ലാലിന്റെ കിലുക്കം സിനിമയില്‍ ഒരു ഗതികെട്ട അവസ്ഥയില്‍ നായകന്‍ രേവതിയുടെ കഥാപാത്രത്തോട് കൈകൂപ്പികൊണ്ട് പറയുന്നുണ്ട്. ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു തീരുമാനിച്ചു ഇറങ്ങിയിരിക്കുവാണല്ലേ?. ചില പ്രതിപക്ഷ നേതാക്കളുടെ കൊറോണക്കാലത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍ ഈ രംഗമാണ് ഓര്‍മ്മയില്‍ വരുന്നതെന്ന് അദ്ദേഹം പറയുന്നു.

ഈ മഹാമാരിയെ ചെറുക്കാനാവശ്യമായ എന്തെങ്കിലുമൊരു നിര്‍ദ്ദേശമോ, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഈ ദുരന്തത്തെ അതിജീവിക്കുവാനുള്ള സന്നദ്ധതയോ നമ്മള്‍ മലയാളികള്‍ക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കുളംകലക്കി ആ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നെ ഈ വലതുപക്ഷം എക്കാലവും തുടര്‍ന്ന് വരുന്ന നയം ഈ ദുരന്തകാലത്തും നമുക്കേറെ കാണാനായി എന്നും ജനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ നാട് ഇതുപോലെ നിലനിന്നാല്‍ മാത്രമേ ഇവിടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനും ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെയുണ്ടാവുകയുള്ളൂ. നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകള്‍ നടത്താനും ഈ നാട് നിലനില്‍ക്കണമല്ലോ. അതുവിചാരിച്ചെങ്കിലും ഈ നാടിനെ രക്ഷപ്പെടാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിന്റെ കിലുക്കം സിനിമയില്‍ ഒരു ഗതികെട്ട അവസ്ഥയില്‍ നായകന്‍ രേവതിയുടെ കഥാപാത്രത്തോട് കൈകൂപ്പികൊണ്ട് പറയുന്നുണ്ട്…

ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു തീരുമാനിച്ചു ഇറങ്ങിയിരിക്കുവാണല്ലേ?

ചില പ്രതിപക്ഷ നേതാക്കളുടെ കൊറോണക്കാലത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍ ഈ രംഗമാണ് ഓര്‍മ്മയില്‍ വരുന്നത്…

30°ഇല്‍ കൊറോണ നിലനില്‍ക്കില്ല, മിറ്റിഗേഷന്‍ മെത്തേഡ് സ്വീകരിക്കണം എന്നിവയില്‍ തുടങ്ങി പ്രളയക്കാലത്ത് സ്‌കൂളുകളില്‍ ക്യാമ്പുകള്‍ ഒരുക്കിയത് പോലെ Covid-19 കാലത്തും സ്‌കൂളുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം എന്നതില്‍ വരെ എത്തിനില്‍ക്കുന്നു ഈ പ്രശസ്തരുടെ മഹത് വചനങ്ങള്‍. ഇനിയുള്ളത് വഴിയേ പ്രതീക്ഷിക്കുകയുമാവാം..

ആരോഗ്യമന്ത്രിക്ക് മീഡിയമാനിയ ആണെന്ന് പുച്ഛത്തോടെ പരിഹസിച്ച നേതാവ് അതിനു ശേഷം വാര്‍ത്താസമ്മേളനം നടത്തിയത് നിലവിലെ കേരളത്തിലെ കോവിഡ് കേസുകളെക്കാള്‍ അധികമാണ്. കന്റോണ്‍മെന്റ് ഹൗസിനു മുന്നില്‍ മീഡിയ ബ്യുറോ തുറക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍…

എന്നാല്‍ ഇതില്‍ ഒന്നിലെങ്കിലും ഈ മഹാ’മാരിയെ’ ചെറുക്കാനാവശ്യമായ എന്തെങ്കിലുമൊരു നിര്‍ദ്ദേശമോ, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഈ ദുരന്തത്തെ അതിജീവിക്കുവാനുള്ള സന്നദ്ധതയോ നമ്മള്‍ മലയാളികള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചിട്ടില്ല…

എന്നാല്‍ കുളംകലക്കി ആ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നെ ഈ വലതുപക്ഷം എക്കാലവും തുടര്‍ന്ന് വരുന്ന നയം ഈ ദുരന്തകാലത്തും നമുക്കേറെ കാണാനായി..

ലോക്ക്ഡൗണ്‍ കാരണം
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവര്‍ കേരളസര്‍ക്കാരിന്റെ പാസ്സ് ഇല്ലാതെ മടങ്ങിയെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യിക്കാനോ, ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും അതുവഴി സാമൂഹ്യവ്യാപനം എന്ന നമ്മളുടെ കൈയില്‍ ഒതുങ്ങാത്ത ഒരു ഘട്ടത്തിലേക്ക് നാം പോകുമെന്നും പാതിരാത്രിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അതിര്‍ത്തിയില്‍ എത്തിയവര്‍ക്ക് അറിയാഞ്ഞിട്ടല്ല…

എന്നാല്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ അങ്ങനെ സംഭവിച്ചാല്‍ ഈ സര്‍ക്കാര്‍ ഇത്രയും നാളുകളായി ജനങ്ങളോടൊപ്പം നിന്ന് നാം ഒത്തൊരുമിച്ചു നടത്തിയ ഈ ചെറുത്തുനില്‍പ്പ് പൂര്‍ണമായും അവതാളത്തിലാകും…
പിണറായി വിജയനും ഇടതുസര്‍ക്കാരും ഈ നാട് നശിപ്പിച്ചു എന്ന് തെരുവുകള്‍ തോറും ഇലക്ഷന്‍ സമയം വരെ പാടിനടക്കാം.. അതുവഴി നാലു വോട്ട് നേടാം… വീണ്ടും ഭരണത്തിലേറാം…

ഈ ചിന്തകള്‍ക്കപ്പുറം ഒരു ജനസ്‌നേഹവും നാടിനോടുള്ള പ്രതിബദ്ധതയുമല്ല ഇന്നത്തെ ഈ കുത്തിത്തിരിപ്പ് പ്രതിപക്ഷത്തെ നയിക്കുന്നത്..

തിരിച്ചറിയേണ്ടത് നമ്മളാണ്, ഒറ്റുകാരെ ഒറ്റപ്പെടുത്തേണ്ടതും ഒത്തൊരുമിച്ചു ഈ മഹാമാരിയെ അതിജീവിക്കുവാനും നമുക്ക് സാധിക്കണം…

അവസാനമായി ഒന്നുകൂടെ പറയുന്നു…
ഈ നാട് ഇതുപോലെ നിലനിന്നാല്‍ മാത്രമേ ഇവിടെ രാഷ്ട്രീയവും രാഷ്ട്രീയക്കാരനും ഭരണപക്ഷവും പ്രതിപക്ഷവും ഒക്കെയുണ്ടാവുകയുള്ളൂ…

നിങ്ങള്‍ക്ക് രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകള്‍ നടത്താനും ഈ നാട് നിലനില്‍ക്കണമല്ലോ..

അതുവിചാരിച്ചെങ്കിലും ഈ നാടിനെ രക്ഷപെടാന്‍ അനുവദിക്കണം…..

Exit mobile version